കണ്ണുനിറഞ്ഞ കല്യാണം... കോവിഡ്കാലത്ത് മലയാളികളെ കണ്ണുനനയിപ്പിച്ച് ഒരു കുട്ടനെല്ലൂര്‍ കല്യാണം; വീസ തീരും മുമ്പ് കഷ്ടപ്പെട്ട് എങ്ങനേയും താലികെട്ടി; പക്ഷെ ഒരു രാത്രി പോലും കൂടെ കഴിയാനുള്ള യോഗമുണ്ടായില്ല; വിവാഹ രാത്രിയില്‍ത്തന്നെ വരന്‍ വിമാനം കയറി; നെടുവീര്‍പ്പിട്ട് ബന്ധുക്കള്‍

കോവിഡ് കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കദന കഥകള്‍ പറയാനുണ്ടാകും. അത്രയ്ക്ക് കഷ്ടപ്പാടാണ് ഓരോരുത്തര്‍ക്കും കോവിഡ് ഉണ്ടാക്കിയത്. പണവും തീയതിയും ഒക്കെ കുറിച്ച് കേമമായി നടത്താനിരുന്ന വിവാഹങ്ങള്‍ എത്രയെണ്ണമാ മാറ്റിവച്ചത്. ഇന്ന് മാറും നാളെ മാറും എന്ന് കരുതി കാത്തിരുന്നവരില്‍ ചിലര്‍ ആളും ആര്‍ഭാഢവുമില്ലാതെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ തൃശൂരില്‍ നിന്നും കണ്ണ് നനയിപ്പിക്കുന്ന ഒരു വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നത്.
കോവിഡ് ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ വിവാഹം നിയമത്തില്‍ ഇളവുനേടി അതിവേഗം നടത്തി അവസാനം വരന്‍ വിമാനം കയറി. അവധി തീരുന്ന അവസാന ദിവസം കോടതിയുടെ കനിവോടെ വിവാഹം നടത്തിയ വരന്‍ വെള്ളിയാഴ്ച രാത്രി തന്നെ അമേരിക്കയ്ക്കു പറന്നു. അവസാന ദിവസങ്ങളിലെ ആശങ്കകള്‍ക്കും നെട്ടോട്ടത്തിനുമൊടുവില്‍ മലയാള സിനിമയുടെ ക്ലൈമാക്‌സ് പോലെയായി ആ വിവാഹം.
യുഎസ് പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാര്‍ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരന്‍ വീട്ടില്‍ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ കോടതി വിധിയനുസരിച്ചു നടന്നത്. കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മുടങ്ങിയിരുന്നു.
അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു നാട്ടിലെത്തിയപ്പോഴേക്കും വീണ്ടും ലോക്ഡൗണ്‍ ആയി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 30 ദിവസത്തെ നോട്ടിസ് വേണമെന്നതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിനുള്ള സാധ്യത മങ്ങി.
ലോക്ഡൗണ്‍ ഇളവു വരുമ്പോള്‍ ഓഫിസ് തുറക്കാന്‍ കാത്തിരുന്നെങ്കിലും യുഎസിലേക്കു മടങ്ങേണ്ടതിനാല്‍ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. വീസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
കോടതി നിര്‍ദേശിച്ചതു പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് രാവിലെ10.30നു മുന്‍പായി കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക് യാത്രയായി. വല്ലാത്തൊരു വേദനയായിരുന്നു ആ ഒരു വേര്‍പിരിയല്‍. കണ്ടുനിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞു.
വിവാഹ ശേഷം ഒരു ദിവസം പോലും ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിഞ്ഞില്ല. ഇനി ഒരുമിച്ച് താമസിക്കണമെങ്കില്‍ എല്ലാം ദൈവം അനുഗ്രഹിക്കണം. കാരണം ബെഫിയും അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ്. പക്ഷെ രേഖകള്‍ ശരിയാകണം. ഈ കൊറോണ കാലത്ത് എന്ന് രേഖകള്‍ ശരിയാകുമെന്ന് ആര്‍ക്കുമറിയില്ല. മാത്രമല്ല കൊറോണ കാലത്ത് അമേരിക്കയിലേക്ക് എത്തണമെങ്കില്‍ ധാരാളം കടമ്പകള്‍ കടക്കണം. ഇടയ്ക്ക് വിമാനവും മറ്റും നിര്‍ത്തിയാല്‍ തീര്‍ന്നു.
എന്തായാലും രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലെത്തും എന്ന ശുഭ പ്രതീക്ഷയിലാണ്. അതിനുള്ള പ്രാര്‍ത്ഥനയിലാണ് നവ വരനും വധുവും ബന്ധുക്കളും. ഇത്രയൊക്കെ നടത്തിത്തന്ന ദൈവം ബാക്കി കൂടി ശുഭപര്യവസാനമാക്കുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.
"
https://www.facebook.com/Malayalivartha