നാല്പത് ദിവസം കൊണ്ട് 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ഗുരുവായൂര്‍ നഗരസഭ

നാല്പത് ദിവസം കൊണ്ട് അമ്ബതിനായിരത്തിലധികം പേര്‍ക്ക് ഗുരുവായൂര്‍ നഗരസഭ ഭക്ഷണം നല്‍കിക്കഴിഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂര്‍ നഗരസഭ ഭക്ഷണ വിതരണം ആരംഭിച്ചത്. ഏപ്രില്‍ 30ന് വാര്‍ഡുകളില്‍ ആരംഭിച്ച ഭക്ഷണ വിതരണം പിന്നീട് നഗരസഭയുടെ രണ്ട് ഡിസിസികളിലും അഗതി ക്യാമ്ബിലും തുടര്‍ന്നു. ക്ഷേത്രനഗരിയെന്ന് അറിയപ്പെടുന്ന ഗുരുവായൂരില്‍ ഒരു നേരത്തെ അന്നത്തിനായി ആരും വലയരുത് എന്നാണ് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പറയുന്നത്.
നഗരസഭയിലെ വിവിധ വാര്‍ഡുകള്‍, ഡിസിസികള്‍, അഗതി ക്യാമ്ബ് എന്നിവിടങ്ങളിലേക്കാണ് ഭക്ഷണപ്പൊതികള്‍ നഗരസഭ ഇതുവരെ വിതരണം ചെയ്തത്. കൂടാതെ നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഭക്ഷണ ആവശ്യവുമായി എത്തുന്ന കോളുകള്‍ക്കും ഊണ് എത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലില്‍ തയ്യാറാക്കുന്ന ഭക്ഷണപ്പൊതികള്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ വഴിയാണ് വാര്‍ഡുകളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭ ഹെല്‍പ്പ് ലൈന്‍ എന്നിവ വഴി വാര്‍ഡുകളിലേക്ക് ആവശ്യമായ എണ്ണം ലഭ്യമാകും. പ്രഭാത ഭക്ഷണമായി ഇഡ്ഡലി, വെള്ളേപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവയും ഉച്ചക്ക് ഊണ്, വൈകീട്ട് ചപ്പാത്തിയും കറിയും നല്‍കി വരുന്നു. ഭക്ഷണത്തിന്റെ ചെലവുകള്‍ വഹിക്കുന്നത് നഗരസഭ തന്നെയാണ്. ക്യാമ്ബിലെ അന്തേവാസികള്‍ക്ക് വ്യക്തികളും സംഘടനകളും ചില സമയങ്ങളില്‍ ഭക്ഷണമെത്തിച്ച് നല്‍കാറുണ്ട്. കോവിഡ് ഒന്നാം ഘട്ടത്തിലും സാമൂഹിക അടുക്കളയിലൂടെ എഴുപത്തി അയ്യായിരത്തോളം പേര്‍ക്ക് ഗുരുവായൂര്‍ നഗരസഭ അന്നം വിളമ്ബിയിരുന്നു.
https://www.facebook.com/Malayalivartha