സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം നഗരസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പാക്കി ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു. ഇതോടെ 101 അംഗങ്ങളുള്ള ഭരണസമിതിയുടെ എന്‍ഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണയായി. ഇതോടെ ഇന്ന് നടക്കുന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പാക്കി.
ബിജെപിക്കുള്ള പിന്തുണ താത്കാലികമാണെന്ന് സ്വതന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപിയെ പിന്തുണയ്ക്കും. എന്നാല്‍ അഞ്ച് വര്‍ഷം പിന്തുണ നല്‍കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് മേയര്‍ സ്ഥാനാര്‍ഥിയായി രാജേഷിനെ പ്രഖ്യാപിച്ചത്. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കംമുണ്ടായിരുന്നത്. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.
ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. ആര്‍എസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.
ഇന്നാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha

























