തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയെ തൊടാനാകാതെ ശ്രീലങ്ക. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട മൂന്നാം ട്വന്റി20 മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്.
ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട ഷെഫാലി മൂന്നു സിക്സുകളും 11 ഫോറുകളുമുൾപ്പടെയാണ് 79 റൺസ് അടിച്ചെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 പന്തിൽ 21 റൺസടിച്ചു പുറത്താകാതെ നിന്നു.
വമ്പന്‍ വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ഒരു ഭാഗത്ത് ഓപ്പണർ ഷെഫാലി വർമ തകർത്തടിച്ചപ്പോഴും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്കു താളം കണ്ടെത്താൻ കഴി്ഞില്ല.
ഒരു റൺസെടുത്ത സ്മൃതി, ഇന്ത്യൻ സ്കോർ 27ൽ നിൽക്കെ പുറത്തായി. കവിഷ ദിൽഹരിക്കാണു വിക്കറ്റ്. പവർപ്ലേ ഓവറുകളിൽ തന്നെ ഇന്ത്യ 50 പിന്നിട്ടിരുന്നു. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസിനെയും (ഒന്‍പത്) കവിഷ പുറത്താക്കി. 24 പന്തുകളിൽനിന്നാണ് ഷെഫാലി അർധ സെഞ്ചറി കടന്നത്. ഷെഫാലിക്കു മികച്ച പിന്തുണയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പുറത്താകാതെനിന്നതോടെ 13.2 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.
https://www.facebook.com/Malayalivartha

























