പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരനായി തിരച്ചിൽ തുടരുന്നു; ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ; കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും പോയതെന്ന് ബന്ധുക്കൾ

ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ സുഹാനായി തിരച്ചിൽ തുടരുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചു.അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് ആറുവയസ്സുകാരനായ സുഹാൻ
വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോൾ അന്വേഷിക്കുകയായിരുന്നു. വഴക്കുകൂടിയതിനെത്തുടർന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരൻ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുമായിച്ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസിൽ പരാതിനൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. അച്ഛൻ വിദേശത്താണ്. ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha






















