ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല... കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ തന്നെ... പ്രഖ്യാപനം ഉടൻ...

ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കോൺഗ്രസിന്റെ അമരക്കാരനായി കണ്ണൂർ എംപി കെ. സുധാകരൻ തന്നെ എത്തിയേക്കുമെന്ന് സൂചനകൾ ലഭിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. അന്തിമ പട്ടികയിലേക്കെത്തുമ്പോള്‍ കണ്ണൂര്‍ എംപി കെ സുധാകരന് തന്നെയാണ് ഹെെക്കമാന്റ് മുന്‍ഗണന നല്‍കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ മൗനം തുടരുന്ന ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് അന്തിമ തീരുമാനമുണ്ടാകുക.
ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും കെ സുധാകരനെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് വി. ഡി. സതീശനും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം.
പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കാൻ താരീഖ് അൻവറിന് ഒരാഴ്ച സമയമാണ് നൽകിയിരുന്നത്.
അതേസമയം, വി. കെ. ശ്രീകണ്ഠന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ഈ നീക്കത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാര്യങ്ങൾ പഠിക്കുവാനെത്തിയ താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും എന്നാണ് സൂചന.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ല എന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി സ്വന്തം നിലയ്ക്ക് പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്റിന്റെ തീരുമാനം.
കെ. സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ ബാബു, തുടങ്ങിയ നേതാക്കളുടെ പേരുകളാണ് ഹൈക്കമാന്റിന്റെ പരിഗണനയിലുണ്ടായിരുന്നത്.
രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പിന്തുണയുള്ള കെ. സുധാകരൻ തന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റാകുമെന്നാണ് നേരത്തേയും പുറത്ത് വന്ന സൂചനകൾ.
അതേസമയം, കെ.പി.സി.സി അദ്ധ്യക്ഷനോടൊപ്പം വിവിധ ഡി.സി.സി അദ്ധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ സതീശൻ പാച്ചേനി മാറി, വേണുഗോപാലിനോട് അടുപ്പമുള്ള നേതാവ് ഡി.സി.സി അദ്ധ്യക്ഷനായേക്കും.
ഡൽഹിയിൽ എ.ഐ.സി.സിയിലെ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന ജി-23ൽ പെട്ട മനീഷ് തിവാരി, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കൾക്ക് രമേശ് ചെന്നിത്തലയുമായി നേരത്തേ മുതലുള്ള അടുപ്പവും ചർച്ചയാണ്. ആ ബന്ധം വച്ച് രമേശും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും ജി-23മായി അടുത്തേക്കുമെന്ന പ്രചാരണമുണ്ട്.
https://www.facebook.com/Malayalivartha