ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐ.സി.യുവിലേക്ക് മാറ്റാന്‍ വൈകി; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജനറല്‍ വാര്‍ഡില്‍ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ വൈകിയത് രോഗികള്‍ ചോദ്യം ചെയ്തു. ബഹളത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍, രോഗികള്‍ ആക്രമിക്കാന്‍ തുനിഞ്ഞെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഉദരസംബന്ധമായ അസുഖമുള്ള കൊവിഡ് രോഗി ജനറല്‍ വാര്‍ഡില്‍ വച്ച് ഇന്നലെ രാത്രി ഗുരുതരാവസ്ഥയിലായി ചോര ഛര്‍ദ്ദിക്കുകയായിരുന്നു. ഐ.സിയുവിലേക്ക് മാറ്റാനായി ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയെന്നാരോപിച്ച് രോഗിയെ കുടെയുള്ളവര്‍ ഒരു വീല്‍ചെയറില്‍ കയറ്റി വാര്‍ഡിന് പുറത്ത് എത്തിച്ചു. മതിയായ ശുശ്രൂഷ നല്‍കുന്നില്ലെന്ന് ആരോപിച്ച് ആരോഗ്യ പ്രവര്‍ത്തകരുമായി രോഗികള്‍ രൂക്ഷമായ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
രോഗികള്‍ ബഹളം വയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ ജോലിചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
എന്നാല്‍ തങ്ങളോട് ആരോഗ്യ പ്രവര്‍ത്തകരാണ് തട്ടിക്കയറിയതെന്ന് രോഗികള്‍ പറയുന്നു. ദൃശ്യം പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് രോഗികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















