ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..

സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു.ജസ്റ്റിസ് നരിമാൻ പ്രത്യേക വിധിപ്രസ്താവം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. ഏതു പ്രായത്തിലുമുള്ള സ്ത്രീകൾ അയ്യപ്പന്റെ മുന്നിൽ ഒരേപോലയാണ്. ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. പത്തിനും അൻപതിനും ഇടയിൽ പ്രായമള്ളവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിനു ഭരണഘടനയിലെ 26–ാം അനുച്ഛേദത്തിന്റെ പിൻബലമില്ല. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം സ്ത്രീകൾക്കെടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ കോടതിക്കു സാധിക്കില്ല. മതനിയമങ്ങൾ വച്ചു പുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.ഹർജിക്കാർ ഉയർത്തിയ പ്രശ്നങ്ങൾ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി. മതവികാരങ്ങൾ ഉൾപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നും അവർ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ. 2017 ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. ഭരിക്കുന്നത് ആരായാലും സുപ്രീം കോടതിക്ക് മുന്നിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ മാത്രമേയുള്ളൂ. ഭരണം മാറിയെന്നുപറഞ്ഞ് സംസ്ഥാന സർക്കാരിന് നിലപാട് മാറ്റാനാകുമോ എന്ന് ശബരിമല കേസ് പരിഗണിക്കവേ 2016-ൽ സുപ്രീം കോടതി ചോദിച്ചതും അതുകൊണ്ടാണ്. ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച് എൽഡിഎഫ് സർക്കാർ 2007-ൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുകയാണെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദ്യം. കേരള സർക്കാരിനോട് ഇതേ ചോദ്യം സുപ്രീം കോടതിക്ക് ഇനിയും ആവർത്തിക്കേണ്ടി വരുമോ?
ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശം വിലക്കുന്ന കേരളത്തിലെ ചട്ടം ചോദ്യംചെയ്ത് 2006-ൽ ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചതാണ് ശബരിമല കേസിന്റെ തുടക്കം. ആദ്യവർഷം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. 2007-ൽ വി.എസ്. സർക്കാർ യുവതീപ്രവേശത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയതായിരുന്നു ആദ്യ ‘ട്വിസ്റ്റ്’. അതായത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നത് കമ്യൂണിസ്റ്റ് നിലപാടായിരുന്നു.തുടർന്ന്, അനക്കമില്ലാതെ കിടന്ന ശബരിമല കേസ് 2016-ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലെത്തിയതോടെ വീണ്ടുമുണർന്നു. ആചാരം സംരക്ഷിക്കണമെന്നും യുവതീപ്രവേശം അനുവദിക്കാനാവില്ലെന്നും ഉമ്മൻചാണ്ടി സർക്കാർ അറിയിച്ചപ്പോൾ സുപ്രീം കോടതി ചോദ്യംചെയ്തു. സർക്കാരിന് നിലപാട് മാറ്റാനാകുമോ എന്ന ചോദ്യം കേസ് ഭരണഘടനാ ബെഞ്ചിന് വിടുകയാണെങ്കിൽ തീർച്ചയായും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.പിന്നീട് കേസ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തുമ്പോഴേക്കും അധികാരത്തിലെത്തിയ പിണറായി സർക്കാർ വീണ്ടും നിലപാട് മാറ്റി യുവതീപ്രവേശത്തെ അനുകൂലിച്ചു. 2018 സെപ്റ്റംബർ 28-ന് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് വിധിയും വന്നു. തുടർന്ന് ഒരു കൂട്ടം പുനഃപരിശോധനാ ഹർജികൾ സമർപ്പിച്ചത്. പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുമ്പോൾ ഞെട്ടിച്ചത് ദേവസ്വം ബോർഡാണ്. നേരത്തേ യുവതീപ്രവേശത്തെ ശക്തമായെതിർത്ത ബോർഡ് മലക്കംമറിഞ്ഞു.
പുനഃപരിശോധനാ ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് റഫർചെയ്ത നിയമപ്രശ്നങ്ങൾ പരിശോധിക്കാൻ 2020-ൽ ഒൻപതംഗ ബെഞ്ചുണ്ടാക്കിയെങ്കിലും ഒരുദിവസം മാത്രമാണ് വാദം കേട്ടത്. കോവിഡ് വന്നതോടെ മാറ്റിവെച്ച കേസ്, പിന്നീടിന്നുവരെ പരിഗണിച്ചില്ല. ഇപ്പോഴാണ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.ശബരിമലയിൽ യുവതിപ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ തിരുത്ത് ഉടൻ നടക്കില്ല. യുവതിപ്രവേശത്തിലെ സത്യവാങ്മൂലത്തിൽ തിരുത്തൽ വേണമെന്ന് സർക്കാരിനും ദേവസ്വംബോർഡിനും മേൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും സമ്മർദമുണ്ട്.
ശബരിമലയിൽ യുവതികളെ പ്രവേശിക്കണമെന്ന് സർക്കാരിനും ഇപ്പോൾ വലിയ നിർബന്ധമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് കാരണം. ദേവസ്വം ബോർഡിനും സമാന അഭിപ്രായമാണ്. കേസ് കോടതിയിലെത്തുമ്പോഴേ ഇതേപ്പറ്റി ആലോചിക്കണ്ടതുള്ളൂവെന്ന നിലപാടിലാണ് ബോർഡും സർക്കാരും.പുനഃസംഘടിപ്പിച്ച ഒൻപതംഗ വിശാല ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാൻ അവസരമുണ്ട്. പക്ഷേ, വിശാല ബെഞ്ച് പരിഗണിക്കുന്ന ഭരണഘടനാ വിഷയങ്ങളുടെ വാദത്തിന്റെ ഭാഗമായാണ് നിലപാട് അവതരിപ്പിക്കേണ്ടത്. അതിന്റെ സ്വീകാര്യത കോടതിയാണ് നിശ്ചയിക്കുന്നത് .അതായത് പിണറായി സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന മുൻ സത്യവാങ്മൂലം തിരുത്തുമോ എന്നാണറിയേണ്ടത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് പിൻവലിക്കുമെന്ന് മന്ത്രി വി എൻ വാസവൻ തനിക്ക് ഉറപ്പ് നൽകിയെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യപ്രസ്താവനനടത്തിയിരുന്നു. എന്നാൽ അഫിഡവിറ്റ് പിൻവലിക്കേണ്ടത് നിയമവകുപ്പും ദേവസ്വം വകുപ്പുമാണ്. നിയമ വകുപ്പ് നടത്തിയ അന്വേഷണങ്ങൾക്ക് തത്കാലം നിലവിലെ സ്ഥിതി തുടരാനാണ് ലഭിച്ച മറുപടി. അതായത് ജി.സുകുമാരൻ നായരെ പിണറായി പറ്റിച്ചുവെന്ന് ചുരുക്കം. സർക്കാരിന് എൻ എസ് എസ് പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ അത്തരം പുനർവിചിന്തനങ്ങളെല്ലാം ഉപേക്ഷിച്ചു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് ശബരിമലയിൽ യുവതി പ്രവേശം അനുവദിക്കണം എന്നാണ്. ആ കാര്യം സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജൈദീപ് ഗുപ്ത കോടതിയിൽ തന്റെ സബ്മിഷനിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ പരസ്യമായി എടുത്തതും, സുപ്രീം കോടതിയിൽ വിവിധ രേഖകൾ വഴി സ്ഥാപിക്കപ്പെട്ടതുമായ തീരുമാനത്തിന് വിരുദ്ധമായി എങ്ങനെയാണ് ഒരു മന്ത്രിക്ക് ഉറപ്പ് നൽകാൻ സാധിക്കുന്നത്. അതും വിഷയം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിൽ ഉള്ളപ്പോൾ? വിഷയം സുപ്രീം കോടതിയിൽ ഇരിക്കുമ്പോൾ പിണറായി സർക്കാരിന് അഫിഡവിറ്റ് പിൻവലിക്കാൻ കഴിയില്ല. മാത്രവുമല്ല ശബരിമല നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് സെപ്റ്റംബർ നാലാം തിയതി ദേവസ്വം മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് വച്ചു നടത്തിയ പ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ശബരിമലയിലെ സുപ്രധാന സുപ്രീം കോടതി വിധി, യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശത്തിന് എതിരായ നിലപാടു തന്നെയാണ് ആ ഘട്ടത്തില്‍ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ ബോര്‍ഡും പിന്നീടു വന്ന ഇടതുസര്‍ക്കാരും ഉടക്കി. തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ്, വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയുടെ ഘട്ടത്തില്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു പുതിയ സത്യവാങ്മൂലം നല്‍കി. സമൂഹം കാലത്തിനൊത്തു മാറണമെന്നും ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാകരുതെന്നുമായിരുന്നു അതിലെ വാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ആചാരസംരക്ഷണം ഉറപ്പു വരുത്തുന്ന സത്യവാങ്മൂലം പിന്‍വലിച്ച് യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ഈ നിലപാട് തിരുത്തി ആചാര സംരക്ഷണത്തിനായി നിലകൊള്ളാന്‍ തയാറാണെന്ന സൂചനയാണ് പ്രശാന്തിന്റെ ബോര്‍ഡ് നല്‍കിയത്. ബോര്‍ഡ് ആ നിലപാടെടുത്താല്‍ സര്‍ക്കാരും തിരുത്തല്‍ സത്യവാങ്മൂലത്തിനു തയാറാകുമോ എന്ന ചോദ്യം ഉയരും. എന്നാൽ ഇതിൽ പ്രതീക്ഷ വേണ്ട. പിണറായി സർക്കാർ ഒരിക്കലും അതിന് തയാറാവില്ല.ശബരിമല പ്രശ്‌നത്തില്‍ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നത് പിണറായി വിജയന്റെയും അദ്ദേഹത്തിന് ശിങ്കിടി പാടുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടായിരുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ് കേസ് സുപ്രീം കോടതിയിൽ വരാതിരുന്നാൽ ഭാഗ്യമെന്നേ പറയേണ്ടു. അങ്ങനെ വന്നാൽ യുവതികളെപ്രവേശിപ്പിക്കാമെന്ന മുൻ സത്യവാങ്മൂലം പിൻവലിക്കുമോ ഇല്ലെയോ എന്ന കാര്യം ചർച്ചയാവും. പിൻവലിച്ചാൽ പിണറായിക്ക് കീഴടങ്ങലാവും. പിൻവലിക്കാതിരുന്നാൽ വിശ്വാസികൾ സി പി എമ്മിന് പൂർണമായും എതിരാവും. ചുരുക്കത്തിൽ സീമകളില്ലാത്ത പ്രതിസന്ധിയാണ് പിണറായിക്ക് വന്നുചേരാൻ പോകുന്നത്. അതും ഒരു ഇലക്ഷൻ കാലത്ത്.
https://www.facebook.com/Malayalivartha






















