ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്

ധരംശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും കോളേജ് അദ്ധ്യാപകനുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസെടുത്ത് പൊലീസ്. ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് സംഭവം. മരണത്തിന് മുന്‍പായി അതിക്രമങ്ങള്‍ വിവരിച്ച് യുവതി സ്വന്തം ഫോണില്‍ വീഡിയോ റെക്കാഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ധരംശാലയിലെ സര്‍ക്കാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിനിരിയായത്. കഴിഞ്ഞ സെപ്തംബര്‍ 18ന് മകളെ ഹര്‍ഷിത, ആകൃതി, കൊമലിക എന്നീ വിദ്യാര്‍ത്ഥിനികള്‍ റാഗിംഗിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. കോളേജിലെ പ്രൊഫസറായ അശോക് കുമാറും വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മോശമായി.
തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ലുധിയാനയിലെ ഡിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഡിസംബര്‍ 26നാണ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടത്. മകളുടെ മരണത്തിന്റെ ഞെട്ടലിലായതിനാലാണ് നേരത്തെ പരാതി നല്‍കാന്‍ സാധിക്കാത്തതെന്നും വിദ്യാര്‍ത്ഥിനിയുടെ കുടുംബം പറഞ്ഞു. മകളുടെ മൊബൈലില്‍ വീഡിയോ കണ്ടതിനുശേഷമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അതിക്രമം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വീഡിയോയിലുണ്ടെന്നും കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















