രാമനാട്ടുകര അപകടത്തിൽ ദുരൂഹതകൾ ബാക്കി! ഒരാളെ കൂട്ടാൻ എന്തിനു 15 പേർ വന്നു? പിന്നിൽ ആ സംഘമോ?

കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് - മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച വാർത്ത നേരത്തേ കേട്ടതാണ്. എന്നാലിപ്പോൾ രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതകൾ വർധിച്ചു വരികയാണ്. ഗള്‍ഫില്‍ നിന്ന് വന്നയാളെ സ്വീകരിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന അവകാശവാദം സമ്മതിച്ച് നൽകാൻ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.
അല്ലെങ്കിലും എന്തിനാണ് കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം അവർ രാമനാട്ടുകരയിലെത്തിയത്? മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നു വാഹനങ്ങളിലായി പതിനഞ്ചു പേര്‍ ഇവിടെ എത്തിയതെന്നാണ് പോലീസ് ഇപ്പോഴും കരുതുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകരയില്‍ അപകടം സംഭവിച്ചത്. ബൊലേറോ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാടു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയതെന്നാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് സംഭവത്തിൽ മരിച്ചവർ. അപകട സമയത്ത് ചെറിയ തോതിൽ മഴയുണ്ടായിരുന്നു എന്നും പറയുന്നുണ്ട്. രാമനാട്ടുകരയ്ക്കടുത്തുള്ള പുളിയഞ്ചോട് വച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്. എന്നാൽ ആദ്യമണിക്കൂറുകളിൽ ഇത് സാധാരണ അപകടമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മരിച്ചവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ എന്തിനാണ് ഇവരിവിടെ എത്തിയതെന്നതിന് പൊലീസിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. അതുകൊണ്ട് തന്നെയാണ് വിശദമായി മരിച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചതും.
അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്.
മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ ബന്ധമോ, അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാന്‍ മാത്രം പതിനഞ്ചു പേര്‍ പാലക്കാടു നിന്ന് കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തി എന്നത് സംശയാസ്പദമാണെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പറയുന്നുണ്ട്. പിന്നിൽ മറ്റ് എന്തെങ്കിലും സംഘത്തിൽ പ്രവർത്തിക്കുന്നവരാണോ എന്ന സംശയവും പിന്നാലെ പ്രകടിപ്പിക്കുന്നവരുണ്ട്.
മൂന്നു വണ്ടികളിലായാണ് ഇവര്‍ എത്തിയത്. ഇവയുടെ ദൃശ്യങ്ങള്‍ പോലീസിന്റെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വാഹനങ്ങളില്‍ ഒന്നായ ഇന്നോവയിലെ യാത്രികരെയും പോലീസ് ചോദ്യം ചെയ്തത്.
ഇന്നോവയിലെ രണ്ട് യാത്രക്കാരെ ആദ്യം തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു യാത്രികരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അപകടത്തില്‍പ്പെട്ടവര്‍ക്കും മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതാണ് എന്നാണ് ഇവരും പറയുന്നത്.
എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചേദിച്ചപ്പോൾ, അത്തരം കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കിയത്.
കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ് ഇവര്‍ കോഴിക്കോട് ഭാഗത്തേക്ക് പോയിരിക്കുന്നത്. അത് എന്തിനായിരുന്നു ആ യാത്ര?എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ ആയതിനാല്‍ അവര്‍ക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ആവശ്യവുമില്ല എന്ന് വ്യക്തമാണ്.
മൂന്നു വാഹനങ്ങളും ഈ ഭാഗത്തേക്ക് വന്നിട്ടുള്ളതായും പോലീസിന് ബോധ്യം വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.
വാഹനം അമിതവേഗതയിലാണ് വന്നതെന്ന് ഇടിച്ച ലോറിയുടെ ഡ്രൈവറും വ്യക്തമാക്കുന്നുണ്ട്. കൊടുംവളവിൽ അമിതവേഗതയിൽ വന്നിടിച്ച ബൊലേറോ കാർ പൂർണമായും തകരുകയും കാറിലുണ്ടായിരുന്ന അഞ്ച് പേരും തൽക്ഷണം മരിക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha
























