മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...

ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിതിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സംഭവ ബഹുലമായ വിവാദങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഹുലിനെതിരെ മൂന്നാമത് ബലാത്സംഗ പരാതി ഉന്നയിച്ച അതിജീവിതയ്‌ക്കെതിരായ ചാറ്റുകൾ പുറത്തുവിട്ട ഫെന്നിക്കെതിരെ ആഞ്ഞടിച്ച് അതിജീവിതയും രംഗത്ത് വന്നു. രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തിൽ ഫൈന്നി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറഞ്ഞിരുന്നു.
പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്ക്രീൻഷോട്ടുകളിലുണ്ടായിരുന്നു. ഇതിനോടാണ് മൂന്നാമത്തെ കേസിലെ പരാതിക്കാരി ഇപ്പോൾ രംഗത്ത് വന്നത്. രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്. തന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവരുടെ ഒപ്പവും ആളുകളുണ്ടാകുമെന്ന് ഫെന്നി പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചത്.
രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം ഇപ്പോള്‍ പോലീസിന് തലവേദനയാവുകയാണ്. അതിജീവിത കാനഡയില്‍ ഇരുന്നുകൊണ്ട് നല്‍കിയ ഇമെയില്‍ പരാതിയുടെയും ഫോണ്‍ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് മൊഴി രേഖപ്പെടുത്തി അതില്‍ അതിജീവിത നേരിട്ട് ഒപ്പുവെക്കേണ്ടതുണ്ട്. അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരി വരാത്തതിനാല്‍ മൊഴിയില്‍ ഒപ്പുവെപ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് കോടതിയില്‍ രാഹുലിന് അനുകൂലമാകുമെന്നും ചട്ടം ലംഘിച്ചുള്ള അറസ്റ്റ് എന്ന ആരോപണം ഉയരുമെന്നും പോലീസ് ഭയക്കുന്നു.
സാധാരണ ഗതിയില്‍ നേരിട്ടെത്തി മൊഴി നല്‍കേണ്ട സാഹചര്യത്തില്‍ അതിജീവിത വിദേശത്താണെന്നത് വലിയ തിരിച്ചടിയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിക്കും. ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയില്ലെങ്കില്‍ രാഹുലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനുള്ള വഴിയൊരുങ്ങും.
https://www.facebook.com/Malayalivartha
























