മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു..! IN CAMERA രാഹുൽ കോടതിയിൽ പരാതിക്കാരി എംബസിയില്‍

മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്‍; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്‍
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നു. ഇന്‍ക്യാമറയായാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങളെ അടക്കം മാറ്റി നിര്‍ത്തി രഹസ്യമായി കോടതി നടപടികള്‍. സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ സ്വകാര്യമാക്കിയതെന്നാണ് സൂചന.
രാഹുലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത്താണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് സാധ്യത.
കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ രാഹുല്‍ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാഹുലിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി
രാഹുല്‍ അന്വേഷണത്തോട് ഒട്ടും സഹകരിക്കുന്നില്ലെന്നാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്. തന്റെ മൊബൈല്‍ ഫോണിന്റെ പാസ്വേഡ് കൈമാറാന്‍ അദ്ദേഹം വിസമ്മതിച്ചു. രേഖകള്‍ ഫോണിലുണ്ടെന്നും എന്നാല്‍ പാസ്വേഡ് നല്‍കില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഫയലുകള്‍ പകര്‍ത്താനും അന്വേഷണസംഘം തീരുമാനിച്ചു. അടൂരിലെ വീട്ടില്‍ ലാപ്ടോപ്പിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിദേശത്തുള്ള അതിജീവിത നാട്ടിലെത്താന്‍ വൈകുന്നതിനാല്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം കോടതിയുടെ അനുമതി തേടും. വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ അതിജീവിതയെ എത്തിച്ചായിരിക്കും കോടതിക്ക് നേരിട്ട് മൊഴി നല്‍കാന്‍ അവസരമൊരുക്കുക.
കേസിന്റെ പശ്ചാത്തലം
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് രാഹുലിനെതിരെയുള്ള പരാതി. ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. മെയ് 24-ന് യുവതിയുടെ ഗര്‍ഭം അലസി. ഇമെയില്‍ വഴി ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























