ലക്ഷദ്വീപിൽ ആരും പട്ടിണി കിടക്കുന്നില്ല! ഹൈക്കോടതിയിൽ വാദിച്ച് അഡ്മിനിസ്ട്രേഷൻ... ആഞ്ഞടിച്ച് കളക്ടറും...

ലക്ഷദ്വീപും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇപ്പോഴും കെടാതെ കത്തുകയാണ്. ഈ സമയത്താണ് അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജി പുറത്ത് വന്നത്. എന്നാലിപ്പോൾ അതിന് മറുപടി നൽകി കലക്ടർ തന്നെ രംഗത്തെത്തിയത്.
ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്നാണ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചത്.
ലക്ഷദ്വീപിൽ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജിയിലാണ് കലക്ടർ മറുപടി നൽകിയത്. ദ്വീപിലാരും പട്ടിണികിടക്കുന്നില്ലെന്നും ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.
അതിന്‍റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകൾ തുറന്നിരുപ്പുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നു മണിക്കൂർ തുറക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമമില്ല. മൽസ്യബന്ധനമടക്കമുളള തൊഴിലുകൾക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ അഡ്മിനിസ്ട്രേഷന്‍റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ലക്ഷദ്വീപ് നിവാസികളുടെ സമ്മതമില്ലാതെയുളള നിയമപരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് ലക്ഷദ്വീപ് ഫോറം കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
കൊച്ചിയിൽ പ്രതിഷേധപരിപാടി എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ലക്ഷദ്വീപിന്‍റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയിൽ നിന്ന് കർണാടകത്തിലേക്ക് മാറ്റുന്നെന്ന വാർത്തകൾ ശരിയല്ലെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അതേസമയം, ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയിൽ നിന്ന് മാറ്റാൻ നീക്കം ഊർജിതമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കർണാടക ഹൈക്കോടതിയുടെ നിയമാധികാരപരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
അഡ്മിനിസ്ട്രേഷനെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിലാണ് നീക്കം എന്നാണ് വാർത്താ ഏജൻസി വ്യക്തമാക്കിയത്. എന്നാൽ ഇത് ദ്വീപ് ഭരണകൂടം നിഷേധിച്ചു. അത്തരത്തിലുള്ള എല്ലാ വാർത്തകളും തെറ്റാണെന്നും ജില്ലാ കളക്ടറായ എസ് അസ്കർ അലി ഐഎഎസ് വ്യക്തമാക്കിയിട്ടുമുണ്ട്.
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഘോഡാ പട്ടേൽ കൊണ്ടുവന്ന പുതിയ നയങ്ങൾക്കെതിരെ ഒരു കൂട്ടം ഹർജികളാണ് കേരളാ ഹൈക്കോടതിയിൽ കിടക്കുന്നത്. ചലച്ചിത്ര പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഐഷ സുൽത്താനയുടെ മുൻകൂർജാമ്യ ഹർജി അടക്കം പരിഗണിച്ചത് കേരളാ ഹൈക്കോടതിയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പുതിയ നയങ്ങൾ, ഗുണ്ടാ ആക്റ്റ് ലക്ഷദ്വീപിൽ നടപ്പിലാക്കിയത്, റോഡുകൾക്ക് വീതി കൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ നീക്കം ചെയ്യുക എന്നിങ്ങനെയുള്ള വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെയാണ് ഹർജികൾ.
കേരള നിയമസഭ ഭരണ - പ്രതിപക്ഷഭേദമന്യേ, ലക്ഷദ്വീപിന് അനുകൂലമായി ഐകകണ്ഠേന പ്രമേയവും പാസ്സാക്കിയിരുന്നതാണ്. 11 റിട്ട് ഹർജികൾ ഉൾപ്പടെ ഇങ്ങനെ 23 അപേക്ഷകളാണ് ദ്വീപ് ഭരണകൂടത്തിനെതിരെ കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























