തിരുവനന്തപുരം ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ പൊട്ടിത്തെറി; അരുവിക്കരയില്‍ ജി.സ്റ്റീഫനെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചോ? തിരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ച വി.കെ മധുവിനെതിരെ പാര്‍ട്ടിതല അന്വേഷണം; വിശദീകരണം തേടുമെന്ന് പാര്‍ട്ടി

അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുന്നു. തിരഞ്ഞെടുപ്പില്‍ അവിടെ സി.പി.എം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത് എങ്കിലും പോര് അവസാനിച്ചിരുന്നില്ല. ജി.സ്റ്റീഫനെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിനെതിരെ സിപിഎം പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിരിക്കുകയാണ്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വികെ മധു. നിയമസഭ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യംവച്ച് അരുവിക്കര മണ്ഡലത്തില്‍ സജീവമായിരുന്നു മധു. സ്ഥാനാര്‍ത്ഥിയാകുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. എന്നാല്‍ അവസാനനിമിഷം സംസ്ഥാന നേതൃത്വം മധുവിനെ വെട്ടി ജി.സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മധു സഹകരിച്ചില്ലെന്നും കാലുവാരിയെന്നുമാണ് ആരോപണം. സ്റ്റീഫനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടയായിരുന്നു മധുവിന്റെ പ്രവര്‍ത്തനങ്ങളെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആരോപണമുയര്‍ന്നു.
അരുവിക്കരയിലേക്ക് വികെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റാണ് മണ്ഡലത്തില്‍ സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും മധുവിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. പി.ബി അംഗവും ജില്ലയുടെ ചുമതലക്കാരനുമായ കോടിയേരി ബാലകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റേയും സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മധുവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎം എത്തിയത്. സി ജയന്‍ ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുവിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശപ്പെട്ട പ്രവണതകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണവും തേടും.
ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ സി.പി.എമ്മില്‍ നിന്നും സി.പി.ഐലേക്ക് എത്തുന്ന പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം വെഞ്ഞാറംമൂടില്‍ 40 സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമാകുമെങ്കില്‍ വി.കെ മധുവും അദ്ദേഹത്തിന് ഒപ്പമുള്ളവരും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ അവര്‍ സി.പി.ഐയില്‍ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha


























