കരുവന്നൂര്‍ വീരന്‍മാരെ രക്ഷിക്കാന്‍ പാര്‍ട്ടി അമരത്തേക്ക്: ഇനി വിജിലന്‍സ് ഫയലിന്റെ പുറത്ത് ഉറങ്ങും

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ഒതുക്കാന്‍ വിജിലന്‍സിനെ രംഗത്തിറക്കും. ക്രൈം ബ്രാഞ്ചില്‍ നിന്ന് സി പി എമ്മുകാരെ രക്ഷിക്കുന്ന ഒരു റിപ്പോര്‍ട്ട് വാങ്ങിയ ശേഷമായിരിക്കും വിജിലന്‍സിന് കേസ് കൈമാറുക.
അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാല്‍ കേസ് വിജിലന്‍സിന് വിടുന്നതാണ് നല്ലതെന്നാണ് സര്‍ക്കാറിന്റെ വാദം.ഇതിനുള്ള നിര്‍ദ്ദേശം ഉന്നത പോലീസ് മേധാവികള്‍ക്ക് നല്‍കി കഴിഞ്ഞു. അതിനിടെ സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ വിജിലന്‍സിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാം.
കൃത്യമായ അന്വേഷണം നടത്തി കേസില്‍ തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശം നിയമവ്യത്തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്നുമാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നൂറൂകോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ വഞ്ചന, ഗൂഢാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലന്‍സിന് കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നത്. നൂറ് കണക്കിന് രേഖകള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കാമെന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത് . ഇതിനിടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസില്‍ അന്വേഷണം തുടങ്ങി.
സര്‍ക്കാരിന്റെ വിശ്വസ്തരാണ് വിജിലന്‍സിന്റെ തലപ്പത്തുള്ളത്. സര്‍ക്കാര്‍ പറയുന്നത് അവര്‍ അക്ഷരം പ്രതി അനുസരിക്കും. വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാരിന് അനുകൂലമായി തീരുമാനം വരും എന്ന കാര്യം ഉറപ്പാണ്.
വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍ സി പി എമ്മുകാരെ കേസില്‍ നിന്നും ഒഴിവാക്കാന്‍ നിഷ്പ്രയാസം കഴിയും. കാരണം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് കഴിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമേ അവര്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുകയുള്ളു. അതുകൊണ്ടാണ് സഹകരണ ബാങ്കിലെയും സഹകരണ വകുപ്പിലെയും ജീവനക്കാരെ കൂടി കേസില്‍ പ്രതിചേര്‍ക്കുന്നത്.
ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിക്കുകയാണ്. ഇക്കാര്യം പഠിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളില്‍ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ഇവരുടെ നീക്കം.
സി പി എമ്മുകാരെ കേസില്‍ നിന്ന് കൃത്യമായി ഒഴിവാക്കും. ബാങ്കിലെ ജീവനക്കാരാണ് വായ്പ അനുവദിക്കുന്നതെന്നായിരിക്കും സര്‍ക്കാരിന്റെ വാദം. അതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്നായിരിക്കും സര്‍ക്കാരിന്റെ വാദം.
ക്രൈംബ്രാഞ്ചും ഇതേ തരത്തില്‍ തന്നെയാണ് നീങ്ങുന്നത്. ചുരുക്കത്തില്‍ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരിലേക്ക് കരുവന്നൂര്‍ തട്ടിപ്പ് ഒതുങ്ങുമെന്ന് തന്നെ കരുതാം.
"
https://www.facebook.com/Malayalivartha