ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്പിച്ച് അക്രമി സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞു... ഗുരുവായൂര്‍ എക്‌സ്പ്രസിന് ഫ്‌ലാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം, തടഞ്ഞ യുവതിയെ അക്രമി വെട്ടുകയും പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമം...

ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്പിച്ച് അക്രമി സ്വര്‍ണമാല കവര്‍ന്നു.
മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനിലെ പോയിന്റ്‌സ്മാനായ വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കലാഗ്രാമം രാജ്‌നിവാസില്‍ ജലജകുമാരിയുടെ (45) രണ്ടരപ്പവന്റെ മാലയാണ് ഇരുട്ടില്‍ നിന്നെത്തിയ അക്രമി കവര്‍ന്നത്.
ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം നടന്നത്. ഈ സമയം കടന്നുപോയ ഗുരുവായൂര്‍ എക്‌സ്പ്രസിന് ഫ്‌ലാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്‌റ്റേഷന് എതിര്‍വശത്തുനിന്ന് ട്രെയിനിന് കൊടി കാണിക്കവേ പിന്നിലൂടെ വന്ന അക്രമി കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
തടഞ്ഞ ജലജകുമാരിയെ അക്രമി വെട്ടുകയും പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമിച്ചു. ട്രാക്കിലേക്ക് മറിഞ്ഞുവീണ യുവതി എഴുന്നേല്‍ക്കുന്നതിനിടെ മോഷ്ടാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊട്ടിയ മാലയുടെ പകുതി സംഭവ സ്ഥലത്തു നിന്ന് കിട്ടിയിട്ടുണ്ട്.
കൈ ഒടിയുകയും പാലത്തില്‍ ഇടിച്ച് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇവരെ പേട്ട റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ കടന്നുപോകുന്ന സമയത്തായതിനാല്‍ എതിര്‍വശത്തുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്ററും സംഭവം കണ്ടില്ല. മുമ്പ് സമാനമായ രീതിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടായതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ പരിസരത്ത് സി.സി ടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha

























