കവിയും നോവലിസ്റ്റും നിരൂപകനും മുന്‍ പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി അന്തരിച്ചു... സംസ്‌കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍

കവിയും നോവലിസ്റ്റും നിരൂപകനും മുന്‍ പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി (82) അന്തരിച്ചു . അസുഖ ബാധിതനായതിനെ തുടര്‍ന്ന് കോലഴിയിലെ വീട്ടില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം.
നാല് നോവലുകളും പത്ത് കാവ്യ സമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനവും രചിച്ചിട്ടുണ്ട്. തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്നീ നോവലുകള്‍ മികച്ച എക്‌സിസ്റ്റന്‍ഷ്യല്‍ സ്‌പേസ് ടൈം കൃതികള്‍ എന്ന ഖ്യാതി നേടി.
അറിയാമൊഴികള്‍ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്ബുഴ പുരസ്‌കാരവും പുത്തേഴന്‍ പുരസ്‌കാരവും ലഭിച്ചു. ആദ്യ ഭാര്യയും അന്തരിച്ച നോവലിസ്റ്റുമായ പി.ആര്‍ ശ്യാമളയുടെ സ്മരണയ്ക്കും സ്ത്രീസമൂഹത്തിനുമായി സമര്‍പ്പിച്ച ശ്യാമപക്ഷം എന്ന കവിത മികച്ച പ്രണയകാവ്യമായും വിലാപകാവ്യമായും ശ്രദ്ധേയമായി. ശ്യാമപക്ഷത്തിന് തോപ്പില്‍ രവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സാഹിത്യ ചിത്രകലാ വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം മാതൃഭൂമിയില്‍ നിന്നാണ് വിരമിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് കരൂര്‍ രാമപുരത്ത് കെ. രാഘവന്‍പിള്ളയുടെയും ജി. മാധവി അമ്മയുടെയും മൂന്നാമത്തെ മകനായി 1939 മാര്‍ച്ച് 13നാണ് ജനനം.
പി.ആര്‍ ശ്യാമളയുടെ മരണശേഷം സാഹിത്യ അക്കാഡമിയിലെ ഉദ്യോഗസ്ഥ വി. മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. കേരള സാഹിത്യ അക്കാഡമി, കേരള കലാമണ്ഡലം ജനറല്‍ കൗണ്‍സിലംഗമായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ .
"
https://www.facebook.com/Malayalivartha

























