കൈക്കൂലി ട്രാപ്പ് കേസില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ റിമാന്റില്‍

കൈക്കൂലി ട്രാപ്പ് കേസില്‍ ഫോറസ്റ്റ് ഉദ്യോസ്ഥനെ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. കെണി വച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതിയായ സാമൂഹിക വനവല്‍ക്കരണ വിഭാഗം തിരുവനന്തപുരം മരുതംകുഴി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ കെ. കെ. സലീമിനെയാണ് പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്.
ആറ്റിങ്ങല്‍ സ്വദേശിയായ കരാറുകാരന്റെ 4 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കാന്‍ തുകയുടെ 35 % ആയ 1.4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 70,000 രൂപ വാങ്ങിയ കേസിലാണ് വിജിലന്‍സ് സലീമിനെ കെണിയൊരുക്കി അറസ്റ്റ് ചെയ്തത്.
2021 ആഗസ്റ്റ് 16 ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ മരുതംകുഴി സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ വച്ച് തുക വാങ്ങവേ തൊണ്ടി സഹിതം കൈയ്യോടെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് ഓഫീസില്‍ വച്ച് ഫിനോഫ്തലിന്‍ പൊടി വിതറിയ നോട്ടുകള്‍ കരാറുകാരന് നല്‍കി മുന്‍ നിശ്ചയപ്രകാരം വിജിലന്‍സുമൊത്ത് മരുതംകുഴി ഓഫീസില്‍ ചെല്ലുകയായിരുന്നു.
സലീം പണം വാങ്ങിയ ഉടന്‍ പുറത്തിറങ്ങിയ കരാറുകാരന്‍ നല്‍കിയ സിഗ്‌നല്‍പ്രകാരം ഉടന്‍ ഓഫീസ് മുറി വളഞ്ഞ വിജിലന്‍സ് സംഘം സലീമിന്റെ കൈവിരലുകള്‍ വിജിലന്‍സ് കൊണ്ടു ചെന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുക്കിയപ്പോള്‍ പിങ്ക് നിറമായി മാറി.
കെണിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ തൊണ്ടി സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























