ആരുടേയും അടുക്കളുടെ എച്ചിൽ നക്കാൻ പോകില്ല... എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു... ഇനി സിപിഎമ്മിലേക്കോ?

കോൺഗ്രസിൽ പൊട്ടിത്തെറികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് കളികൾ അവസാനിക്കുന്നതോടെ ഇനി പൊട്ടിത്തെറികൾ രൂക്ഷമാകുമെന്നുള്ള മുന്നറിയിപ്പ് നേരത്തേ തന്നെ ലഭിച്ചതായിരുന്നു. ഇപ്പോൾ അതിനുള്ള ആദ്യ ഡോസ് വെടി പൊട്ടിച്ചിരിക്കുകയാണ്.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് കൂടിയാണ് ഇദ്ദേഹം എന്നതും ശ്രദ്ധേയമാണ്. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.ഗോപിനാഥ് പറഞ്ഞിട്ടുണ്ട്. ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു.
കോൺഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചതെന്നും പക്ഷേ മനസ്സിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.
എച്ചിൽ നക്കിയ ശീലം ഗോപിനാഥിൻ്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്.
ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി പറയുന്നു. സി പി എം ഉൾപ്പടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എ.വി.ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെ പേര്‍ എഐസിസിക്കും കെപിസിസിക്കും കത്തയച്ചു. എ.തങ്കപ്പനാണ് പാലക്കാട് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തത്.
മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കെ.സി. വേണുഗോപാൽ ഉൾപ്പെടെ നേതാക്കളുമായി ചർച്ചയും നടത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണ് എ.വി.ഗോപിനാഥ് സംസാരിച്ചതും. കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഗോപിനാഥിന് പിണറായിയുടെ എച്ചിലെടുക്കേണ്ടി വരുമെന്ന മുൻ എംഎൽഎ അനിൽ അക്കരയുടെ സമൂഹമാധ്യമ കുറിപ്പിനുള്ള പ്രതികരണമായിരുന്നു ഗോപിനാഥിന്റെ പ്രസ്താവന. അനിൽ അക്കരയെ കടുത്ത ഭാഷയിൽ വിമർശിച്ച ഗോപിനാഥ്, താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പക്ഷേ തന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ടെന്നും അതാരാണെന്ന് എല്ലാവർക്കും അറിയാമെന്നും തുറന്നടിച്ചു.
ഡിസിസി അധ്യക്ഷ പട്ടികയുടെ പേരിലുണ്ടായ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും തുടർച്ചയാണ് ഗോപിനാഥിന്റെ രാജി. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് രാജി തീരുമാനത്തിനു പിന്നിലെന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ. ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് പിണറായി വിജയനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha

























