ചേളാരിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി; ഭാര്യയെയും മക്കളെയും മരണം അറിയിച്ചില്ല!! അസീസിന്റെ പേരിലുള്ള രണ്ടുകോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റിയതും ദുരൂഹതക്ക് ആക്കം കൂട്ടുന്നു

ചേളാരിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം. താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മരണത്തില്‍ ദുരൂഹതയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
ജൂലൈ 31 ന് സഹോദരന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ചായിരുന്നു അബ്ദുള്‍ അസീസ് മരിച്ചത്. മരണ വിവരം ഭാര്യയെയും മക്കളെയും അറിയിക്കാതെ സഹോദരന്റെ മഹല്ലിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അസീസിന്റെ പേരിലുള്ള രണ്ടു കോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണംവേണമെന്നുമാവശ്യപ്പെട്ട് ഭാര്യയും മക്കളും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സബ്കലക്ടറുടെയും ആര്‍ഡിഓയുടെയും സാന്നിധ്യത്തിലാണ് ഖബര്‍ തുറന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. മരണം കൊലപാതകമാണെന്നും സഹോദരനും മകനുമാണ് പ്രതികളെന്നും അസീസിന്റെ ഭാര്യയും മക്കളും ആരോപിച്ചിരുന്നു. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























