കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഒളിച്ചത് ഫ്രിഡ്ജിനു പിന്നില്‍.... ഷോക്കേറ്റ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടില്‍ വീട്ടില്‍ അലന്‍-ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം അലന്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വെമ്പള്ളിയിലെ കുട്ടിയുടെ മാതാവിന്റെ വീട്ടിലായിരുന്നു സംഭവം. അയല്‍പക്കത്തെ കുട്ടികളോടൊപ്പം സാറ്റ് കളിക്കുന്നതിനിടയില്‍ ഫ്രിഡ്ജിനു പിന്നില്‍ കുട്ടി ഒളിച്ചു. തുടര്‍ന്ന് ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റതോടെയാണ് ദാരുണാന്ത്യം.
ടൈല്‍സ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാര്‍ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചാണ് ഇരുവരും ജോലിക്കു പോകുന്നത്. പതിവുപോലെ ഇന്നും ശ്രുതിയുടെ അമ്മയുടെ പക്കല്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു മാതാപിതാക്കള്‍ ജോലിക്കു പോയി.
അയല്‍പക്കത്തെ കുട്ടികളുമൊത്ത് റൂത്ത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അപകടം.
സംഭവം നടക്കുമ്പോള്‍ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിന്റെ എര്‍ത്ത് കേബിളില്‍ നിന്ന് വൈദ്യുതി പ്രസരിക്കുന്നതായി കണ്ടെത്തി.
"
https://www.facebook.com/Malayalivartha


























