മായം കലര്‍ന്ന സണ്‍ഫ്‌ലവര്‍ ഓയില്‍ വിറ്റ കേസ്... വിതരണക്കാരനും ഉല്‍പ്പാദക കമ്പനിക്കും ചുമത്തിയ പിഴശിക്ഷ ശരി വച്ചു

മായം കലര്‍ന്ന സൂര്യകാന്തി എണ്ണ വിറ്റ കേസില്‍ വിതരണക്കാരനും ഉല്‍പ്പാദക കമ്പനിക്കും ചുമത്തിയ ഒന്നര ലക്ഷം രൂപയുടെ പിഴശിക്ഷ തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ അപ്പലേറ്റ് ട്രിബ്യൂണല്‍ ശരി വച്ചു.
കേസ് റെക്കോര്‍ഡുകളും ലാബ് റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ അഡ്ജുഡിക്കേഷന്‍ ഓഫീസറായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് നിരീക്ഷിച്ചാണ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സജികുമാര്‍ വിധി പ്രസ്താവിച്ചത്.
കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിതരണക്കാരനായ ഷന്‍സണ്‍ സി.ജെ , ഉല്‍പ്പാദക കമ്പനിയായ വണക്കം ഓയില്‍ ഇന്‍ഡസ്ട്രീസ് എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി പിഴശിക്ഷ ശരി വക്കുകയായിരുന്നു.
2016 ജൂണ്‍ 1 രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. തൃശൂര്‍ ചിറ്റിലപ്പിള്ളി നോവ ഡിസൈനര്‍ ടൈല്‍സിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വരാജ് മസ്ഡ മിനിലോറിയില്‍ നിന്ന് മൊത്ത - ചില്ലറ വ്യാപാരികള്‍ക്ക് നല്‍കാനായി കൊണ്ടു വന്ന ഓയില്‍ ശേഖരിച്ച് ഫുഡ് സെയ്ഫ്റ്റി ഓഫീസര്‍ കെ.കെ. അനിലന്‍ സാമ്പിള്‍ പരിശോധനക്കയച്ചു.
ലബോറട്ടറി പരിശോധനയില്‍ ഓയില്‍ ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതും മായം കലര്‍ന്നതാണെന്നും കണ്ടെത്തി.തുടര്‍ന്ന് അനിലന്‍ അഡ്ജുഡിക്കേഷന്‍ ഓഫീസറായ തൃശൂര്‍ ജില്ലാ കളക്ടര്‍ രേണുക ഐഎഎസ് മുമ്പാകെ കേസ് ഫയല്‍ ചെയ്തു. സാക്ഷി വിസ്താര വിചാരണ ക്കൊടുവില്‍ പിഴ ചുമത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























