ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ് കേസ് : 37.60 കോടി രൂപയുടെ നാശനഷ്ടം വരുത്തിയ കേസ് :ഒളിവില്‍ പോയ ബിമലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു,ജപ്തി വാറണ്ടും അറസ്റ്റ് വാറണ്ടും,പ്രതികളെ സെപ്റ്റംബര്‍ 14 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്താല്‍ ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് കമ്പനി തീവെച്ച് നശിപ്പിച്ച് 37.60 കോടി രൂപയുടെ നാശനഷ്ടം വരുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒന്നാം പ്രതി ബിമലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇയാളുടെ സ്ഥാവരജംഗ സ്വത്തുക്കള്‍ ജപ്തി ചെയ്ത് ഖജനാവിലേക്ക് മുതല്‍കൂട്ടാനും അറസ്റ്റ് ചെയ്യാനുമായി കോടതി ജപ്തി വാറണ്ടും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
കമ്പനി സ്റ്റോര്‍ റൂം ജീവനക്കാരായ പ്രതികളെ സെപ്റ്റംബര്‍ 14 ന് കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികളായ ബിമല്‍. എം. നായര്‍ , ബിനു. ജി. എസ് എന്നിവരെ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. ലില്ലി ഉത്തരവിട്ടത്.
തീവെയ്പ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികളെ ഹാജരാക്കാന്‍ ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഒന്നാം പ്രതി ബിമല്‍ ഒളിവില്‍ പോയതിനാല്‍ രണ്ടാം പ്രതിയുടെ വിചാരണ നടത്താനായി ആറ്റിങ്ങല്‍ മജിസ്‌ട്രേട്ട് കോടതി കേസ് കമ്മിറ്റ് ചെയ്ത് തിരുവനന്തപുരം സെഷന്‍സ് കോടതിക്കയക്കുകയായിരുന്നു. തീവയ്പ്പ് കേസ് സെഷന്‍സ് കോടതി വിചാരണ നടത്തേണ്ട കേസായതിനാലാണ് കമ്മിറ്റ് ചെയ്തയച്ചത്.
2018 നവംബര്‍ 11 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതികളുടെ ജാമ്യ ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.
നിക്ഷിപ്ത താല്‍പര്യത്തിന് വേണ്ടി ഫാക്ടറി തീവെച്ച് 37.60 കോടി രൂപയുടെ നഷ്ടം സംഭവിപ്പിച്ച് അനവധി തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കി അവരുടെ കുടുംബത്തെ പട്ടിണിയിലാക്കിയ പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് മുന്‍ സെഷന്‍സ് ജഡ്ജി കെ.ബാബു ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തെളിവുകള്‍ നശിപ്പിച്ച് ഒളിവില്‍ പോകാനുള്ള സാധ്യതയും ഉണ്ട്. സ്ഥാപിത താല്‍പര്യത്തിന് വേണ്ടി വന്‍ തോതില്‍ നാശനഷ്ടം വരുത്തിയ ശേഷം ഏതാനും മാസം ജയിലില്‍ കിടന്നാല്‍ ജാമ്യത്തില്‍ ഇറങ്ങി ഉല്ലാസത്തോടെ ജീവിക്കാമെന്ന് വന്നാല്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനമാകും. ഇത്തരം സാഹര്യങ്ങളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
ശമ്പളം വെട്ടിക്കുറച്ച വിരോധത്താലാണ് കൃത്യം ചെയ്തതെന്ന പ്രോസിക്യൂഷന്‍ കേസ് സത്യമാണെങ്കില്‍ ഫാക്ടറി ജീവനക്കാരായ പ്രതികള്‍ക്കുള്ള തര്‍ക്ക പരിഹാരം ലേബര്‍ ഓഫീസര്‍ അടക്കം മറ്റെവിടെയോ ആണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഹീനകൃത്യം ചെയ്ത് മറ്റുള്ളവരുടെ ജീവിതം ദുസ്സഹവും അരക്ഷിതാവസ്ഥയിലുമാക്കിയ പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യത്തിനര്‍ഹതയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരു കൃത്യം ചെയ്യുന്ന ആള്‍ അതിന്റെ അനന്തരഫലത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണമെന്നതാണ് നിയമ തത്വം. കേസുമായി രണ്ടാം പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും കളവായി കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും അപസ്മാര അസുഖക്കാരനാണെന്നും നിരപരാധിയാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി.
പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും ചികിത്സാ രേഖകള്‍ അടക്കമുള്ള പ്രതിഭാഗം വാദങ്ങള്‍ വിചാരണ വേളയില്‍ വിചാരണ കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു കൊണ്ടാണ് ജാമ്യം നിരസിച്ചത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയായ മാറിയ സാഹചര്യത്തില്‍ രണ്ടു പ്രതികള്‍ക്കും കോടതി ജാമ്യമനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഒന്നാം പ്രതി ബിമല്‍ ഒളിവില്‍ പോവുകയായിരുന്നു.
ഫാക്ടറിയിലെ സ്റ്റോര്‍ റൂം ജീവനക്കാരായ ചിറയിന്‍കീഴ് പെരുങ്കുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ ബിമല്‍.എം.നായര്‍ (19 ), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനില്‍ ജി.എസ്. ബിനു (30) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
2018 ഒക്ടോബര്‍ 31 രാത്രി 7.15 മണിയോടെയാണ് സംഭവം നടന്നത്. മറ്റെല്ലാ ജീവനക്കാരും ഫാക്ടറിക്ക് പുറത്ത് പോയത് ഉറപ്പാക്കിയ ശേഷം മുകളിലത്തെ നിലയിലെ സ്റ്റോര്‍ റൂമില്‍ പ്രവേശിച്ച പ്രതികള്‍ സിഗരറ്റ് ലൈറ്ററും തീപ്പെട്ടിയും ഉപയോഗിച്ച് റാക്കില്‍ അടുക്കി വച്ചിരുന്ന ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് കവറിലും സമീപത്ത് കിടന്ന കാര്‍ഡ് ബോര്‍ഡിലുമായി തീകൊളുത്തി.തുടര്‍ന്ന് ലൈറ്റുകള്‍ അണച്ച ശേഷം ഫാക്ടറിയുടെ അകത്തെ നടപ്പാലം വഴി താഴേക്കിറങ്ങിപ്പോയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
രണ്ടു പ്രതികളെയും ഫാക്ടറിയിലെ നിരീക്ഷണ ദൃശ്യങ്ങളുടെ സഹായത്താലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനു തൊട്ടു മുമ്പ് ബിനുവിന്റെ കൈ പിടിച്ചു കൊണ്ട് ബിമല്‍ പുറത്തേക്ക് നടക്കുന്ന ദ്യശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവ ദിവസം വൈകിട്ട് ഫാക്ടറിക്ക് എതിര്‍വശത്തുള്ള കടയില്‍ നിന്ന് ബിമല്‍ ലൈറ്റര്‍ വാങ്ങിയതായും പോലീസ് കണ്ടെത്തി. കടയുടമ ബിമലിനെ തിരിച്ചറിയുകയും ചെയ്തു.
നവംബര്‍ 10 നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സൈബര്‍ ക്രൈം ബ്രാഞ്ച് - കഴക്കൂട്ടം പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ അന്നു മുതല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു.
ആദ്യ റിമാന്റിനുള്ളില്‍ തന്നെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കുകയും ചെയ്തു. മജിസ്ട്രേട്ട് കോടതി രണ്ടു പ്രതികളുടെയും ജാമ്യഹര്‍ജി നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ജില്ലാ കോടതിയെ സമീപിച്ചത്.
അഞ്ചും നാലും നിലകളുള്ള രണ്ടു കെട്ടിടങ്ങളാണ് പൂര്‍ണ്ണമായി അഗ്‌നിക്കിരയാക്കിയത്. ഇവയിലെ ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കാനുള്ള ഹാര്‍ഡ് ഡിസ്‌ക് സംവിധാനം ഒരുക്കിയിരുന്നത് ഓഫീസ് റൂമിലായിരുന്നു. ഈ ഭാഗത്തേക്ക് തീ പടര്‍ന്നിരുന്നില്ല. അഞ്ചു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് അഗ്‌നിശമന സേന, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫാക്ടറി ആന്റ് ബോയിലേഴ്‌സ് വകുപ്പ്, ഫോറന്‍സിക് വകുപ്പ് എന്നിവര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 60.70 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായും നഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ടും നല്‍കി.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടുത്തതിന് കാരണമായതെന്ന് കണ്ടെത്തിയ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഉദ്യോഗസ്ഥരുടെയും അഗ്‌നി രക്ഷാ സേനയുടെയും പരിശോധനാ റിപ്പോര്‍ട്ടാണ് അട്ടിമറി സംശയം ബലപ്പെടുത്തി ഫാക്ടറിക്ക് ആരോ തീവെച്ചതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
8,500 രൂപ മാസ ശമ്പളത്തിലാണ് ഒരു വര്‍ഷം മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് പീനം പൂര്‍ത്തിയാക്കിയ ബിമല്‍ ഫാക്ടറിയില്‍ ജോലിക്ക് കയറിയത്. എന്നാല്‍ കൃത്യമായി ജോലിക്ക് എത്താത്തതിനാല്‍ 3,000 രൂപയായിരുന്നു കൈയ്യില്‍ കിട്ടിയിരുന്നത്. ശമ്പളം കുറയുന്നതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഫാക്ടറിയില്‍ നിന്ന് കയറ്റി അയക്കുന്ന ഉല്‍പന്നങ്ങളില്‍ കേടുപാടുണ്ടാക്കിയിരുന്നു.ഉല്‍പന്നങ്ങള്‍ അശ്രദ്ധമായി ബിമല്‍ കൈകാര്യം ചെയ്യുന്നതിനെ സഹ പ്രവര്‍ത്തകര്‍ വിലക്കി ഗുണദോഷിച്ചിട്ടുള്ളതായും കേസ് ഡയറിയില്‍ പരാമര്‍ശമുണ്ട്.
തീയിട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളില്‍ നിന്നുയര്‍ന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് , സള്‍ഫര്‍ ഡൈ ഓക്‌സൈസ് എന്നിവ അടങ്ങിയിരുന്നതായും തുടര്‍ച്ചയായി ഇത് ശ്വസിക്കുന്നത് ആരോഗ്യത്തിന് മാരകമായ ഹാനി വരുത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൊച്ചി യൂണിറ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തു. പുക ശ്വസിച്ച സമീപവാസികള്‍ കുഴഞ്ഞു വീണു.
ശ്വസിക്കാനെടുക്കുന്ന വായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ളവയുടെ അളവ് കൂടുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് പലരും കുഴഞ്ഞു വീണത്. അതിനാല്‍ മുന്‍കരുതലെന്നോണം സ്ഥലവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പുക ശ്വസിച്ച് കുഴഞ്ഞു വീണവരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അതേ സമയം നിയമപ്രകാരം ഫാക്ടറി മാനേജ്‌മെന്റ് പാലിച്ച് നടപ്പിലാക്കേണ്ട മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഫാക്ടറിക്കുള്ളില്‍ ഇല്ലാതിരുന്നതിനാലാണ് തീപിടുത്തത്തിന്റെയും നാശനഷ്ടങ്ങളുടെയും ആഴവും വ്യാപ്തിയും കൂടാന്‍ കാരണമായതെന്ന ആരോപണവും നിലവിലുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ കെട്ടിടങ്ങളുടെ എല്ലാ നിലയിലും സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വര്‍ഷം തോറും ഫാക്ടറിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അധികാരവും ഉത്തരവാദിത്വവും ചുമതല ബാധ്യതയുമുള്ളവര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് ഉദ്യോഗസ്ഥരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമാണ്. ഇവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പോലീസ് അന്വേഷിക്കുകയോ ഇവരെ കൂട്ടു പ്രതികളാക്കി കൂടുതല്‍ പ്രതി സ്ഥാനത്ത് ചേര്‍ത്ത് അഡീഷണല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണം നടത്തുകയോ ക്രൈംബ്രാഞ്ച് പോലീസ് ചെയ്തിട്ടില്ല.
2010 ല്‍ തമ്പാനൂര്‍ ശ്രീകുമാര്‍ - ശ്രീവിശാഖ് സിനിമാ തീയറ്ററോട് ചേര്‍ന്ന് ഉണ്ടായിരുന്ന ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് കെട്ടിടം അറ്റകുറ്റപ്പണിക്കിടെ തകര്‍ന്ന് വീണ് 6 തൊഴിലാളികള്‍ മരിക്കുകയും അനവധി പേര്‍ക്ക് മാരകമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത കേസില്‍ ഉടമയെയും കരാറുകാരനെയും മാത്രം പ്രതിചേര്‍ത്ത് ആണ് ആദ്യം നരഹത്യാക്കേസ് എടുത്തത്.
എന്നാല്‍ 60 വര്‍ഷത്തോളം പഴക്കമുള്ള ലോഡ്ജ് പുതുക്കി പണിയാന്‍ ബലം പരിശോധിക്കാതെയും ചട്ടങ്ങള്‍ പാലിക്കാതെയും അനുമതി നല്‍കുകയും ആവശ്യമായ തുടര്‍പരിശോധനകള്‍ നടത്താതിരിക്കുകയും ചെയ്തതിന് നഗരസഭയിലെ ടൗണ്‍ പ്ലാനിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എക്‌സി.എഞ്ചിനീയര്‍, അസി.എഞ്ചിനീയര്‍ എന്നീ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് നരഹത്യാ കേസില്‍ കൂട്ടു പ്രതികളാക്കിയിരുന്നു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ 2010 ല്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ഫിലിപ്പ് തോമസിന്റെ ഉത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് കൂട്ടു പ്രതികളാക്കിയത്. ശ്രീ. ഫിലിപ്പ് തോമസ് സ്ഥാനക്കയറ്റം ലഭിച്ച് നിലവില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
https://www.facebook.com/Malayalivartha


























