ഒരുലക്ഷം പാവങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ കോംപസിറ്റ് പാനല്‍ വീടുമായി സംസ്ഥാന സര്‍ക്കാര്‍

ഒരു ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കു പരിസ്ഥിതിസൗഹൃദ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍പദ്ധതി. കല്ലും മണലും സിമന്റും ഒഴിവാക്കി, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മിശ്രിതവസ്തുക്കള്‍ (കോംപസിറ്റ് മെറ്റീരിയല്‍) ഉപയോഗിച്ചുള്ള വീടുകളാകും നിര്‍മിക്കുന്നത്. സൗരോര്‍ജം, മഴവെള്ള സംഭരണി, മാലിന്യസംസ്‌കരണം എന്നീ സൗകര്യങ്ങളുമുണ്ടാകും. മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ സര്‍ക്കാരിന്റെ അവസാനവര്‍ഷ പദ്ധതിയായി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപനമുണ്ടാകും.
ചൈന ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരം നേടിയ നിര്‍മാണരീതിയാണിത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജര്‍മന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം ഇത്തരം വീടുകളുടെ നിര്‍മാണം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, എം.കെ. മുനീര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ ചൈനയിലും തമിഴ്‌നാട്ടിലുമുള്ള ഇത്തരം വീടുകളുടെ ഗുണനിലവാരം നേരിട്ടു പരിശോധിച്ചിരുന്നു. സര്‍ക്കാരിന്റെ ഇരുപതോളം ഭവനപദ്ധതികളില്‍ ഭൂരിഭാഗവും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കൂടുതലും തൊഴിലാളികളുടെ കൂലി വര്‍ധനയും മൂലം മുടങ്ങിക്കിടക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്കും മിശ്രിതവസ്തു നിര്‍മാണരീതി പ്രതിവിധിയാകും.
ലക്ഷം വീടുകള്‍ ഒരുമിച്ചു നിര്‍മിക്കുന്നതിനാല്‍ ചതുരശ്ര അടിക്ക് 1000 രൂപ നിരക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകും. 400 ചതുരശ്ര അടി വീടുകള്‍ക്കു പരമാവധി ചെലവ് നാലുലക്ഷം രൂപ. 10 തൊഴിലാളികള്‍ എട്ടുമണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു വീടായി. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ നിര്‍മിച്ച വീടുകളുടെ സുരക്ഷ ചെന്നൈ ഐഐടി ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ചൈനയിലും തമിഴ്‌നാട്ടിലും വിദേശത്തുനിന്നു കോംപോസിറ്റ് പാനലുകള്‍ ഇറക്കുമതി ചെയ്താണു വീടുകള്‍ നിര്‍മിച്ചത്. കേരളത്തിലേതു വന്‍കിട പദ്ധതിയായതിനാല്‍ പാനലുകള്‍ ഇവിടെത്തന്നെ നിര്‍മിക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. ടെന്‍ഡര്‍ നടപടികളിലൂടെ നിര്‍മാണ ഏജന്‍സിയെ കണ്ടെത്തും.
അടുത്ത 50 വര്‍ഷത്തെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം ഉറപ്പാക്കിയാകും ടെന്‍ഡര്‍. ഒരു ദിവസ പരിശീലനം കൊണ്ടു തൊഴിലാളികളെ നിര്‍മാണം പഠിപ്പിക്കാനാകും.
പദ്ധതിക്ക് 4,000 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര ഭവനപദ്ധതികളില്‍ നിന്നുള്ള സഹായത്തിനു പുറമേ വിവിധ വകുപ്പുകളുടെ ഭവനനിര്‍മാണഫണ്ടും വിനിയോഗിക്കും. ലോകബാങ്ക് ഉള്‍പ്പെടെ ഏജന്‍സികളുടെ സഹായവും തേടും.
കോംപസിറ്റ് പാനല്‍ വീടുകളുടെ നേട്ടങ്ങള്‍
മരത്തിനെക്കാള്‍ ഭാരം കുറവ്, കോണ്‍ക്രീറ്റിനെക്കാള്‍ ബലം.
നിര്‍മാണത്തിനുള്ള ഫൈബര്‍ ഗ്ലാസ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ സുലഭം.
ചോര്‍ച്ചയുണ്ടാകില്ല.
ഭൂകമ്പം, സൂനാമി, ചുഴലിക്കാറ്റ് എന്നിവ ചെറുക്കാനുള്ള ശേഷി
അവശിഷ്ട മാലിന്യങ്ങള്‍ ഇല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























