അമേരിക്കയാകെ മാറിപ്പോയി... ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് 20 വയസായി; വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയില്‍; അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ ഓടിച്ച് സര്‍വാധിപത്യം നേടി താലിബാന്‍

2001ല്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണത്തിന് 20 വര്‍ഷമായി. അന്ന് യുഎസിനു നേര്‍ക്ക് ഭീകരസംഘടനയായ അല്‍ഖായിദ നടത്തിയ ആക്രമണത്തില്‍ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിന്‍ ലാദനെ ഒരു പതിറ്റാണ്ടു നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തി വധിച്ചത്. പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ 2011 മേയ് രണ്ടിനാണു യുഎസ് സൈനിക കമാന്‍ഡോകള്‍ വധിക്കുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അറസ്റ്റിലായ ഖാലിദ് ഷെയ്ക്ക് മുഹമ്മദ് ഉള്‍പ്പെടെയുള്ള അല്‍ഖായിദ നേതാക്കളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. അതേസമയം അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ ഓടിച്ച് താലിബാന്‍ സര്‍വാധിപത്യം നേടിയിരിക്കുകയാണ്.
ഭീകരാക്രമണത്തിന് പിന്നാലെ രാജ്യാന്തര ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏറ്റെടുത്ത അമേരിക്ക അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, ലിബിയ, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൈനിക ഇടപെടലുകള്‍ നടത്തി. മധ്യപൂര്‍വദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും ഇതോടെ മാറിമറിഞ്ഞു.
നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഉള്‍പ്പെടെ, ഭീകരവിരുദ്ധ പോരാട്ടത്തിന് യുഎസിന് 2 പതിറ്റാണ്ടിനിടെ ചെലവായത് 8 ലക്ഷം കോടി ഡോളറാണെന്ന് ബ്രൗണ്‍ സര്‍വകലാശാലയിലെ പഠനം കണക്കാക്കുന്നു. വിവിധ രാജ്യങ്ങളിലായി 9 ലക്ഷം പേര്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മൂന്നരക്കോടി അഭയാര്‍ഥികളെ സൃഷ്ടിച്ചു.
സെപ്റ്റംബര്‍ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളില്‍ ചിലതു പുറത്തുവിടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീര്‍ഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. ഇന്ന് ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രസിഡന്റ് ബൈഡന്‍ പങ്കെടുക്കും.
ആക്രമണത്തിന് സൗദി സര്‍ക്കാരിലെ ചിലര്‍ ഒത്താശ ചെയ്തുവെന്നാരോപിച്ച് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഉസാമ ബിന്‍ ലാദനും ആക്രമണത്തിനുപയോഗിച്ച വിമാനങ്ങള്‍ റാഞ്ചിയവരില്‍ 15 പേരും സൗദി പൗരന്മാരാണ്. അക്രമികള്‍ക്ക് യുഎസിലെത്താന്‍ സൗദി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. 2 ടവറുകള്‍, ആര്‍ട്‌സ് സെന്റര്‍, പള്ളി എന്നിവയാണ് പൂര്‍ത്തിയാകാന്‍ ബാക്കിയുള്ളത്. ഗ്രൗണ്ട് സീറോയില്‍ 9/11 സ്മാരകം ഭീകരാക്രമണത്തിന്റെ 10ാം വാര്‍ഷിക ദിനത്തില്‍ തുറന്നുകൊടുത്തിരുന്നു. 1,10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മ്യൂസിയം പിറ്റേവര്‍ഷം തുറന്നു.
മന്‍ഹാറ്റനിലെ 16 ഏക്കറിലായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. ഇതിന്റെ പകുതിയോളം ഭാഗത്താണു സ്മാരകം. ആക്രമണത്തില്‍ നിലംപൊത്തിയ 2 ടവറുകള്‍ നിലനിന്നിരുന്ന അതേ സ്ഥലങ്ങളിലായി 2 ജലാശയങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. ഓരോന്നും ഒരേക്കര്‍വീതം വ്യാപ്തിയുള്ളതാണ്. കൃത്രിമ ജലധാരകളുമുണ്ട്. 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ ജലാശയവക്കില്‍ കൊത്തിവച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് ഉത്തരവാദികളെന്നു യുഎസ് കണ്ടെത്തിയ 5 പേരുടെ വിചാരണ ഇതേവരെ ആരംഭിച്ചിട്ടില്ല. വിചാരണയ്ക്കു മുന്‍പായി കഴിഞ്ഞയാഴ്ച ഇവരെ ഗൊണ്ടനാമോ ബേയിലെ സൈനിക കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. കോവിഡ് കാരണം 17 മാസങ്ങള്‍ക്കു ശേഷമാണു നടപടി പുനരാരംഭിച്ചത്. ജനുവരിയില്‍ നടക്കേണ്ട മിലിറ്ററി ട്രൈബ്യൂണല്‍ ജൂറി തിരഞ്ഞെടുപ്പും പൂര്‍ത്തിയായിട്ടില്ല. കുവൈത്തില്‍ വളര്‍ന്ന പാക്ക് സ്വദേശി ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് (56) പ്രതികളില്‍ മുഖ്യന്‍. ആക്രമണത്തിന്റെ നടത്തിപ്പ് ചുമതല ഇദ്ദേഹത്തിനായിരുന്നു. റംസി ബിന്‍ അല്‍ ഷിബ് (49), വിലിദ് ബിന്‍ അട്ടാ, ഖാലിദ് ഷെയ്ഖിന്റെ ബന്ധു അമ്മര്‍ അല്‍ ബലൂച്, മുസ്തഫ അല്‍ ഹവ്‌സാവി എന്നിവരാണു മറ്റു പ്രതികള്‍. മറ്റൊരു സെപ്റ്റംബര്‍ 11 കൂടിയെത്തുമ്പോള്‍ ജാഗ്രതയിലാണ് ലോകം.
" f
https://www.facebook.com/Malayalivartha


























