ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും

യുവ നടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. കേസില്‍ അന്തിമ തീരുമാനം വരുന്നത് വരെ രഞ്ജിത്തിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും സമാന കേസുകളില്‍ ഫെഫ്ക സ്വീകരിക്കുന്ന കര്‍ശന നിലപാട് രഞ്ജിത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടേഴ്‌സ് യൂണിയനോടും റൈറ്റേഴ്‌സ് യൂണിയനോടും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സിനിമാ ലൊക്കേഷനില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ മുട്ടത്ത് വെച്ചായിരുന്നു അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.
അതേസമയം, രഞ്ജിത്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. രണ്ടു മാസം മുന്‍പ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ മൊഴി.
അവിടെ നിന്നും ഓടി രക്ഷപ്പെട്ട നടി സഹപ്രവര്‍ത്തകരോട് വിവരം പറയുകയും തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കുകയുമായിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha


























