പിതാവിന്റെ ഓര്‍മ്മകളുമായി... പഞ്ച്ശീര്‍ സിംഹമായ അഹ്മദ് ഷാ മസൂദിന്റെ ഒരു ഓര്‍മ്മയും ബാക്കിവയ്ക്കാതെ താലിബാന്‍; അഹ്മദ് ഷാ വധിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ ശവകുടീരം നശിപ്പിച്ചു; കലിതുള്ളി മകന്‍ അഹമ്മദ് മസൂദ്

താലിബാന്റെ ക്രൂരതകളൊന്നായി മാറി അഫ്ഗാന്‍ സിംഹം അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചത്. അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം അദ്ദേഹം വധിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ താലിബാന്‍ നശിപ്പിച്ചത് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു.
1989 ല്‍ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ മുജാഹിദ്ദീന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെടുന്ന അഹമ്മദ് ഷാ മസൂദ്. ശവകുടീരം തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു.
ഇസ്ലാമിക ഭരണത്തിന്റെ മിതമായ രൂപത്തിലുള്ള ഒരു സ്വതന്ത്ര, ബഹുവംശീയ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള അഹമ്മദ് ഷാ മസൂദിന്റെ കാഴ്ചപ്പാടിന് അനുസൃതമായി അദ്ദേഹത്തിന്റെ വടക്കന്‍ സഖ്യത്തില്‍ സഹ താജിക്കുകളും മറ്റ് വംശീയ വിഭാഗങ്ങളില്‍ നിന്നുള്ള പോരാളികളും നിലകൊണ്ടു. 1990 കളുടെ തുടക്കത്തില്‍ രാജ്യം യുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍, എതിരാളികളായ യുദ്ധപ്രഭുക്കന്മാരോടും 1996 ല്‍ അധികാരം പിടിച്ചെടുത്ത താലിബാനോടും അദ്ദേഹം പോരാടുകയായിരുന്നു.
താലിബാന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് അഹമ്മദ് ഷാ മസൂദിന്റെ സൈന്യം പഞ്ച്ഷീറിലും വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ മറ്റ് വിദൂര പ്രദേശങ്ങളിലും ഒതുങ്ങി. 2001 സെപ്റ്റംബര്‍ 11 (9/11) ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, മസൂദിനെ അഭിമുഖം ചെയ്യാനെത്തിയ അറബ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വേഷം ധരിച്ച അല്‍ക്വയ്ദ തീവ്രവാദികള്‍ ചാവേറാക്രമണത്തില്‍ അദ്ദേഹത്തെ വധിച്ചു. എന്നിരുന്നാലും മസൂദിന്റെ പോരാളികള്‍ പിടിച്ചു നില്‍ക്കുകയും, ആഴ്ചകള്‍ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ കടന്ന അമേരിക്കയുമായി സഹകരിക്കുകയും ചെയ്തു. പിന്നാലെ 9/11 ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത അല്‍ഖ്വയ്ദയെ തുരത്തുകയും താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് മസൂദും മുന്‍ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹുമാണ് ഇപ്പോള്‍ താലിബാനെതിരെ പഞ്ച്ഷീര്‍ സേനയെ നയിക്കുന്നത്. പിതാവിന്റെ ശവകുടീരം തകര്‍ത്തതില്‍ വലിയ വേദനയിലാണ് മകന്‍.
അതേസമയം അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ പ്രതികാര നടപടികള്‍ ശക്തമാക്കി താലിബാന്‍. അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠന്‍ റൂഹുള്ള സലേയെ താലിബാന്‍ വധിച്ചു.
പഞ്ച്ശീര്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ച വരെ താലിബാനെ പ്രതിരോധിച്ചത് അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു. റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനും താലിബാന്‍ തയ്യാറായില്ലെന്നാണ് വിവരം.
ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്ന പഞ്ച്ശീറില്‍ നിന്നും റൂഹുള്ള സലേയും കുടുംബവും മറ്റൊരിടത്തേക്ക് പാലായനം ചെയ്യുന്നതിനിടെ ഇവരെ താലിബാന്‍ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. റൂഹുള്ള സലേയുടെ മൃതദേഹം സംസ്‌കാരിക്കാനായി വിട്ടു തരില്ലെന്ന് താലിബാന്‍ പറഞ്ഞതായി ഇയാളുടെ അനന്തരവന്‍ റൌഹുള്ള സലേയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ച്ഷീര്‍ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തതോടെ പ്രതിരോധസേനയെ നയിച്ചിരുന്ന അമറുള്ള സലേയും അഹമ്മദ് മൗസൂദും താജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പഞ്ച്ഷീര്‍ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തെങ്കിലും പ്രതിരോധ സേന ഇപ്പോഴും ഇവിടെ പോരാട്ടം തുടരുന്നതായാണ് സൂചന.
"
https://www.facebook.com/Malayalivartha


























