പഞ്ചാരയടിക്കുന്ന പോലീസുകാരെ പിടിക്കാൻ ടീമുണ്ടാക്കി സർക്കാർ : ഹണി ട്രാപ്പിൽ വഴുതിവീണ് പോലീസുകാർ

പോലീസുകാരുടെ പഞ്ചസാര ഫോൺ വിളികളിൽ നിയന്ത്രണം വരും. ഹണി ട്രാപ്പ് ആരോപണം പോലീസുകാർക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് ഫോൺ വിളികളിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്. അതായത് പോലീസുകാരുടെ ഫോൺ കോളുകൾ സർക്കാർ കേൾക്കുമെന്ന് ചുരുക്കം.
പോലീസുകാരുടെ മാത്രമല്ല സർക്കാർ ഉദ്യോസ്ഥരുടെയും നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കാനാണ് സർക്കാർ തീരുമാനം. സർക്കാരിൻ്റെ ഇമേജ് മോശമാക്കാനുള്ള നീക്കങ്ങൾ സജീവമാണെന്നാണ് സർക്കാർ കരുതുന്നത്. അതിൽ ജീവനക്കാർ അകപ്പെടുമ്പോൾ സർക്കാർ ഒന്നടങ്കം നാണംകെടുന്നു. ജീവനക്കാരുടെ ഭാഗത്ത് സർക്കാരിനെ നാണം കെടുത്താനുള്ള നീക്കമു ണ്ടോ എന്നും സർക്കാർ സംശയിക്കുന്നു. സർക്കാർ ജീവനക്കാരുടെ കൈവശമുള്ള രേഖകൾ ചോർന്നാൽ നടപടിയെടുക്കുെമെന്ന് സർക്കാർ പറഞ്ഞതും ഈ സാഹചര്യത്തിലാണ്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേരളാ പോലീസിനെ പിടിച്ചുലയ്ക്കുന്ന ഫോൺകെണിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. കൊല്ലം റൂറലിലെ എസ്.ഐ ആണ് പരാതിക്കാരൻ. ഫോൺകെണി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ്.
ഉന്നത ഉദ്യോഗസ്ഥരടക്കം പോലീസ് സേനയിലെ നിരവധി പേർ മുൾമുനയിലായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറലിലെ എസ്.ഐ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഞ്ചൽ സ്വദേശിയായ യുവതി സൗഹൃദം നടിച്ച് കെണിയിൽ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എസ്ഐ യെ നിരപരാധിയായി സർക്കാർ കാണുന്നില്ല. അദ്ദേഹം യുവതിയുടെ കെണിയിൽ വീണതാണ്. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്താനാണ് സർക്കാർ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. രണ്ടു വർഷം മുമ്പ് ഈ യുവതി ഇതേ എസ്.ഐക്ക് എതിരേ മ്യൂസിയം പോലീസിൽ പീഡന പരാതി നൽകിയിരുന്നു. അതിനുശേഷം പരാതി പിൻവലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്.ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥർ യുവതിയുടെ ഫോൺകെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാൽ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നൽകിയിട്ടില്ല.
യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഫോൺകെണിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതിക്ക് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് എസ്.ഐയുടെ പരാതി പാങ്ങോട് സ്റ്റേഷനിൽ ലഭിച്ചത്.
പോലീസ് ആസ്ഥാനത്തടക്കം പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാൻ തീരുമാനിച്ചത്. കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പോലീസ് എടുത്ത കേസ് ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയേക്കും.
അതേസമയം തനിക്ക് പോലിസ് ഉന്നതരുമായി ബന്ധമൊന്നുമില്ലെന്ന് യുവതി പറയുന്നു. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ കൊല്ലം റൂറലിലെ എസ്ഐ തന്റെ ഫോണിൽ ഞാനറിയാതെ റെക്കോർഡ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചതാണെന്നും ഇവർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇവർ പറയുന്നു.
സസ്പെൻഷനിലായിരുന്ന സമയത്ത് ഇതേ പോലീസുകാരൻ ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യണമെന്ന് നിർബന്ധിക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുക്കണമെന്ന് പറയുകയും ചെയ്തു. സസ്പെൻഷൻ പിൻവലിച്ച് തിരികെ സർവീസിൽ കയറിയാൽ നല്ലൊരു തുക പ്രതിഫലം നൽകാമെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും എസ്ഐ യുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. പോലീസിലെ പഞ്ചാരക്കുട്ടൻമാരെ നിലയക്ക് നിർത്താൻ തന്നെയാണ് തീരുമാനം.
https://www.facebook.com/Malayalivartha


























