സംസ്ഥാനത്ത് നേരിയ ആശ്വാസം; കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു, ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം, ഇന്നലെ നടന്നത് റെക്കോര്‍ഡ് വാക്‌സിനേഷന്‍

സംസ്ഥാനത്ത് നേരിയ ആശ്വാസം പകർന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നതായി റിപ്പോർട്ട്. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ് താഴുന്നതിനാല്‍ സംസ്ഥാനത്ത് ഏവരിലും ആശങ്ക ഒഴിയുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച ചികിത്സ തേടിയത്. ഡബ്ല്യു. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നേരത്തെ ഇത് ഏഴായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും. അവശ്യഘട്ടത്തില്‍ മാത്രമാകും ആന്‍റിജന്‍ പരിശോധന നടത്തുക. ഹോം ക്വാറന്‍റൈന്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം കേരളത്തിൽ 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,74,200 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില്‍ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് 4 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























