കേരളത്തിന്റെ ആദ്യ ഐഐടി ഇന്നു പ്രവര്‍ത്തനം തുടങ്ങും

എന്‍ജിനീയറിങ്-സാങ്കേതിക പഠന ഗവേഷണത്തിനു രാജ്യാന്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം എന്ന സംസ്ഥാനത്തിന്റെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ചു ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) ഇന്നു പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിക്കും.
വാളയാറിനു സമീപം അഹല്യാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സ്ഥലത്തുള്ള താല്‍ക്കാലിക ക്യാംപസിലാണ് ഐഐടിയുടെ തുടക്കം. ഇന്നു 10.10ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാര്‍ഥികളുമായി നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സിങ് മുഖാമുഖത്തോടെയാണ് ആദ്യബാച്ചിന്റെ ക്ലാസ് ആരംഭിക്കുന്നത്. ചടങ്ങില്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും മദ്രാസ് ഐഐടി ഗവേണിങ് ബോര്‍ഡ് അംഗവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി, പാലക്കാട് ഐഐടി ഡയറക്ടറുടെ ചുമതലയുള്ള പ്രഫ. പി.ബി. സുനില്‍കുമാര്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ശ്രീനിവാസ് ബാഡ്‌ല, ഐഐടി ഫാക്കല്‍റ്റി അംഗങ്ങളായ എം.എസ്. മാത്യൂസ്, കെ.കെ. ബാലസുബ്രഹ്മണ്യന്‍, ഐഐടി മദ്രാസ് പ്ലാനിങ് വിഭാഗം ഡീന്‍ ഡേവിഡ് കോയില്‍പിള്ള, വിദ്യാര്‍ഥി ക്ഷേമവിഭാഗം തലവന്‍ പ്രഫ. കാശിവിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങിനുശേഷം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസുകളാണ്. 55,000 ചതുരശ്ര അടിയിലാണു താല്‍ക്കാലിക ക്യാംപസ്. ബിടെക് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പ്രവേശനം ലഭിച്ച 117 വിദ്യാര്‍ഥികളില്‍ 12 പേര്‍ മലയാളികളാണ്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള താമസ സൗകര്യം, ലാബുകള്‍ എന്നിവ സജ്ജമായിക്കഴിഞ്ഞു. അഞ്ചുമുതലാണ് റഗുലര്‍ ക്ലാസ്. സ്ഥിരം ക്യാംപസിനു കഞ്ചിക്കോട് വെസ്റ്റില്‍ കണ്ടെത്തിയ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മാനവശേഷി മന്ത്രാലയത്തിനു കൈമാറാനുള്ള നടപടി പുരോഗമിക്കുന്നു. മൊത്തം സ്ഥലത്തില്‍ 356 ഏക്കര്‍ സ്വകാര്യഭൂമിയാണു വില കൊടുത്തു വാങ്ങേണ്ടത്. ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ.എം. ഷെരീഫാണ് പദ്ധതി സ്‌പെഷല്‍ ഓഫിസര്‍. മദ്രാസ് ഐഐടിക്കാണ് പാലക്കാട് ഐഐടിയുടെ നടത്തിപ്പു ചുമതല. സ്ഥിരം ക്യാംപസിനു ഈ മാസം തറക്കല്ലിടാനാണു സര്‍ക്കാര്‍ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























