നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വിരിച്ച വലയില്‍ കുരുങ്ങി വവ്വാലുകള്‍; വലയില്‍ വീണ വവ്വാലുകളെ പിടിച്ച് സ്രവം ശേഖരിച്ച് വിശദ പരിശോധന നടത്തും

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ട് വവ്വാലുകളെ പിടിക്കാന്‍ വല വിരിച്ച് അധികൃതര്‍. പൂനെ വൈറോളജി വിഭാഗത്തിലെ വിദഗ്ധ സംഘവും, വനം -മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്.
പഴംതീനി വവ്വാലുകളെ പിടിക്കുന്നതിനായി കൊടിയത്തൂര്‍ പഞ്ചായത്തിലെ തെയ്യത്തും കടവിലെ കുറ്റിയോട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുമാണ് വലവിരിച്ചത്. ഇങ്ങനെ വിരിച്ച വലയില്‍ മൂന്നോളം വവ്വാലുകള്‍ കുരുങ്ങി.
വലയില്‍ വീണ വവ്വാലുകളെ പിടിച്ച് സ്രവം ശേഖരിച്ച് വിശദ പരിശോധന നടത്തുന്നതിനായി കൊണ്ടു പോയി. കഴിഞ്ഞ ദിവസം അരയങ്കോട് കരിമലയില്‍ നിന്നും വെടിവെച്ചു വീഴ്ത്തിയ കാട്ടുപന്നിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു. കാട്ടുപന്നിയുടെ സാംപിള്‍ വിശദ പരിശോധനയ്ക്ക് അയക്കും. വവ്വാലുകളെ നിരീക്ഷിക്കാന്‍ ഇന്‍ ഫ്രാറെഡ് ക്യാമറകള്‍ മരങ്ങളില്‍ സ്ഥാപിക്കും. ഡോ: അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്.
വലയില്‍ വീണ വവ്വാലുകളുടെ താവളങ്ങള്‍ സഞ്ചാരപഥം എന്നിവയും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കുന്നതാണു തുടര്‍ച്ചയായ വര്‍ഷങ്ങളിലുണ്ടാകുന്ന നിപ ബാധ.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കുമ്പോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്. രാത്രി സമയത്താണ് വവ്വാലുകള്‍ പഴങ്ങള്‍ ഭക്ഷിക്കുന്നത്. അതിനാല്‍ രാവിലെ വീട്ടുമുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
1998-ല്‍ മലേഷ്യയിലും, തുടര്‍ന്ന് സിങ്കപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാല്‍ പോലുള്ള ജീവികളില്‍ നിന്ന് നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു.
മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്നത്.
ഹെന്‍ഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസുകളാണ് നിപ വൈറസുകള്‍. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
മലേഷ്യയില്‍ വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികള്‍ക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല.
വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha

























