പിസി ജോര്‍ജ്ജിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പി സി തോമസ്, ഇരുമുന്നണികളുമായി ഇടയുന്നവരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി

പി സി ജോര്‍ജ്ജിനെ മുന്നണിയിലേക്ക് കൊണ്ട് വരാന്‍ ബിജിപിയുടെ നീക്കം. ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കിയ പിസി തോമസ് വഴിയാണ് ബിജെപി പിസി ജോര്‍ജ്ജുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ പി സി ജോര്‍ജ്ജ് ബിജെപിയിലേക്കില്ലെന്നാണ് അറിയുന്നത്. പി.സി. തോമസിന് പുറകെ യു.ഡി.എഫും ഇടതുമുന്നണിയുമായി ഇടഞ്ഞ് പുറത്തുവരുന്ന മറ്റുള്ളവരെയും ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. ഇത്തരത്തില്‍ വരുന്നവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്.
നേരത്തെ കെ എം മാണിയായിരുന്നു ബിജെപിയുടെ ടാര്‍ജറ്റ്. ആരോപണങ്ങളുടെ നടുവിലായിരുന്നെങ്കിലും കെ.എം. മാണിയെ തന്നെയാണ് ബി.ജെ.പി നോട്ടമിട്ടിരുന്നത്. മാണിയെ ആദ്യം ബിജെപി സംസ്ഥാന നേതൃത്വം എതിര്‍ത്തെങ്കിലും പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
ആര്‍. ബാലകൃഷ്ണപിള്ളയോട് പാര്‍ട്ടിക്ക് അത്ര താല്‍പര്യമില്ലെങ്കിലുംഒപ്പം കൂട്ടുന്നതില്‍ വലിയ എതിര്‍പ്പുമില്ല. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നാണ് ബി.ജെ.പിയുടെ നിലപാട്. അതേസമയം, ജോര്‍ജിനെ കിട്ടുമെങ്കില്‍ തങ്ങളുടെ ഭാഗമാക്കാന്‍ ബി.ജെ.പി തയാറുമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് മാണിയെ ചരക്ക് സേവന നികുതിയെക്കുറിച്ച് പരിശോധിക്കാനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനാക്കിയത്. മാണിയെ ഒപ്പം കിട്ടിയാല്‍ അതിലൂടെ ക്രിസ്തീയവിഭാഗത്തിന്റെ വിശ്വാസം കൂടി നേടിയെടുക്കാമെന്നതായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ മാണിയെ യു.ഡി.എഫില്‍ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞു.
2004ല്‍ ഒപ്പമുണ്ടായിരുന്ന പി.സി. തോമസ് വീണ്ടും ബി.ജെ.പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചെങ്കിലും ബിജെപി നേതൃത്വത്തിന് പിടിച്ചമട്ടില്ല. സംസ്ഥാനത്ത് എടുത്തുപറയാന്‍ കഴിയുന്ന ഒരു നേതാവെങ്കിലും വേണമെന്നാണ് അവരുടെ ആഗ്രഹം. അതിന് ഇപ്പോള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് പി.സി. ജോര്‍ജിനെയാണ്. നിലവില്‍ യു.ഡി.എഫിലും ഇടതുമുന്നണിയും ഒരു സ്ഥാനവുമില്ലാത്ത സ്ഥിതിയിലാണ് പി.സി. ജോര്‍ജ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ മെച്ചപ്പെട്ട പ്രതിച്ഛായ ഉള്ള നേതാവുമാണ്. ബി.ജെ.പിയുമായി അദ്ദേഹത്തിന് അയിത്തവുമില്ല. മുമ്പ് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഡിയുടെ ചിത്രം ആലേഖനംചെയ്തിരുന്ന ടിഷര്‍ട്ട് പുറത്തിറക്കാന്‍ വരെ ജോര്‍ജ് തയാറായതുമാണ്. ആ സാഹചര്യത്തില്‍ ജോര്‍ജിന്റെ സെക്യുലര്‍ കേരള കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുവരാനാണ് ശ്രമം.
നേരത്തെ മാണി ഗ്രൂപ്പില്‍ നിന്നും പുറത്തായ സമയത്ത് പി.സി. തോമസ് ബി.ജെ.പിയുമായി സഹകരിച്ചാണ് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും പിന്നീട് വാജ്‌പേയ് മന്ത്രിസഭയില്‍ സഹമന്ത്രിയാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അവിടെ നിന്ന് ജോസഫിലും പിന്നീട് ജോസഫില്‍ നിന്ന് പിരിഞ്ഞ് ഒറ്റയ്ക്ക് ഇടതുമുന്നണിയിലും നിന്ന തോമസ് വീണ്ടും തുടങ്ങിയിടത്തുതന്നെ എത്തിയിരിക്കുകയാണ്.
നിലവില്‍ ഹിന്ദുവര്‍ഗീയപാര്‍ട്ടിയെന്ന ലേബലാണ് ബി.ജെ.പിക്ക് കേരളത്തിലുമുളളത്. ജോര്‍ജാണെങ്കില്‍ മുന്നണിക്ക് ക്രിസ്തീയമുഖം നല്‍കാന്‍ കഴിയുന്നതോടൊപ്പം അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയും ഉപയോഗിക്കാന്‍ കഴിയും. പിന്നെ രാഷ്ട്രീയത്തിനതീതമായി ജോര്‍ജിനുള്ള ബന്ധങ്ങളും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പി.സി. തോമസിനെ ഉപയോഗിച്ച് ജോര്‍ജിനെ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒപ്പം കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ അതില്‍ ചില സാങ്കേതികത്വങ്ങളുള്ളതിനാല്‍ ആ സമയത്ത് അടവുനയമുണ്ടാക്കിയതിന് ശേഷം അടുത്ത നിയമസഭാതെരഞ്ഞെടുപ്പോടെ ഇത് സഖ്യമാക്കാനും ആലോചനയുണ്ട്.
എന്നാല്‍ ജോര്‍ജിനോടുളള താല്‍പര്യം ബി.ജെ.പിക്ക് പിള്ളയോടില്ല. പ്രധാനമായും ഒരു ഹിന്ദുനേതാവ് ഇനി പാര്‍ട്ടിയില്‍ അനിവാര്യമല്ലെന്നതാണ്. പിന്നെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിയെന്ന പ്രചരണവും പിള്ളയെ പരിഗണിക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ട്. എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നാണ് ബി.ജെ.പിയുടെ നിലപാടും. ബി.ജെ.പിയുമായി എന്‍.എസ്.എസ്. ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പിള്ളയെ ഉപയോഗിച്ച് അവരുമായി ഒരു സന്ധിയുണ്ടാക്കാന്‍ കഴിയുമോയെന്ന ആലോചന ബി.ജെ.പിക്കുണ്ട്. എന്നാല്‍ എന്‍.എസ്.എസിന് പിള്ളയുമായി ഇപ്പോള്‍ അത്ര നല്ല ബന്ധമില്ലെന്നതും അവരെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് പിള്ളയ്ക്ക് യു.ഡി.എഫ് വിട്ടുപോകേണ്ടിവന്നത്.
എത്രയൊക്കെയായാലും ഈ നയം കൊണ്ടുമാത്രം കേരളത്തില്‍ പച്ചപിടിക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ബിജെപിക്ക് പ്രതീക്ഷയില്ല. എന്തൊക്കെ ചെയ്താലും മുസ്ലീംവിഭാഗത്തില്‍ നിന്ന് പിന്തുണ ലഭിക്കുമെന്നും അവര്‍ കരുതുന്നില്ല. ആ സാഹചര്യത്തില്‍ ഒരു മതേതരത്വമുഖം പാര്‍ട്ടിക്ക് നല്‍കാന്‍ തലയെടുപ്പുള്ള ക്രിസ്തീയ നേതാക്കള്‍ ഒപ്പം ഉണ്ടാകണമെന്നാണ് ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പി സി ജോര്‍ജ്ജിനെ കൂടെ കൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























