കോര്‍പറേഷനുകള്‍ വിഭജിച്ചുള്ള മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചു പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തു കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നതും മറ്റേതാനും പഞ്ചായത്തു മേഖലകള്‍ ചേര്‍ത്ത് മുനിസിപ്പാലിറ്റികളുടെ രൂപീകരണവും കോടതി ശരിവച്ചു.
ഗ്രാമീണ മേഖലകളെ ചെറുകിട നഗരപ്രദേശങ്ങളാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും, എന്നാല്‍ കോര്‍പറേഷന്‍ മേഖലയെ ചെറുകിട നഗരമാക്കി പുനഃപരിവര്‍ത്തനം ചെയ്യുന്നതു നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏപ്രില്‍ 30ലെ വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രദേശവാസികളാണു പ്രധാനമായും കോടതിയിലെത്തിയത്.
ഉത്തരവു ഭാഗികമായി ശരിവച്ച കോടതി, തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നു ചില വാര്‍ഡുകള്‍ മാറ്റി കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപീകരിക്കുന്നതു ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് കോര്‍പറേഷന്റെ ചില വാര്‍ഡുകള്‍ അടര്‍ത്തിമാറ്റി ചെറുവണ്ണൂര്‍, നല്ലളം, എലത്തൂര്‍, ബേപ്പൂര്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതും ഹര്‍ജികളില്‍ കലാശിച്ചു.
പൊതുജനങ്ങളുടെ ആവശ്യം മാനിച്ചാണു നടപടിയെന്നു സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ഒരു പ്രദേശത്തിന്റെ പദവി ഉയര്‍ത്താനല്ലാതെ, തിരിച്ചുള്ള നടപടി സാധ്യമല്ലെന്നു കോടതി വ്യക്തമാക്കി. കോര്‍പറേഷനെ മുനിസിപ്പാലിറ്റിയാക്കി മാറ്റാന്‍ നിയമപരമായ അധികാരമില്ല. മുന്‍പ് സര്‍ക്കാര്‍ ചെയ്തതിന്റെ നേരേ തിരിച്ചുള്ള നടപടിയാകുമത്. തീരുമാനത്തിലെത്തുംമുന്‍പ് ജനസംഖ്യ, ജനസാന്ദ്രത, വരുമാനം, ചെലവ്, കാര്‍ഷികേതര തൊഴില്‍, സാമ്പത്തിക പ്രസക്തി തുടങ്ങിയ ഘടകങ്ങളൊന്നും കാര്യമായി പരിഗണിച്ചതായി കാണുന്നില്ല. ഇത്തരം നടപടി ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായതിനാല്‍ റദ്ദാക്കുകയാണെന്നു കോടതി വ്യക്തമാക്കി.
തൃക്കടവൂര്‍ പഞ്ചായത്തിനെ കൊല്ലം കോര്‍പറേഷനോടു കൂട്ടിച്ചേര്‍ക്കുന്നതു കോടതി ശരിവച്ചിട്ടുണ്ട്. മതിയായ അന്വേഷണം നടത്തിയില്ലെന്നും ചര്‍ച്ചകള്‍ നടത്തിയില്ലെന്നുമുള്ള വാദം അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഫയല്‍ പരിശോധിച്ചതില്‍ നിന്ന്, എതിര്‍പ്പ് അറിയിക്കാന്‍ മതിയായ അവസരം അനുവദിച്ചതായി കാണുന്നതിനാല്‍, ഇടപെടാന്‍ കാരണമില്ലെന്നു കോടതി വ്യക്തമാക്കി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വിഭജിച്ചു തളിപ്പറമ്പ്, ആണ്ടൂര്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതു ശരിവച്ചു. പഞ്ചായത്തു മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് മുക്കം, കൊടുവള്ളി, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ ആക്കുന്നതും ശരിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























