സിപിഎം നേതാക്കള്‍ പള്ളിയിലെത്തി വൈദികനെ ആക്രമിച്ചതിനു മാപ്പു പറഞ്ഞു

വഴിതടയല്‍ ചോദ്യംചെയ്ത വൈദികനെ സംഘം ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ പള്ളിമേടയിലെത്തി ഖേദം പ്രകടിപ്പിച്ചു. തെറ്റു പറ്റിപ്പോയി, ക്ഷമിക്കണം, ആരെയും ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രവര്‍ത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല നേതാക്കള്‍ പറഞ്ഞു. ചിലവ് ക്രിസ്തുരാജാ പള്ളിവികാരി ഫാ. മാത്യു കുന്നപ്പിള്ളിക്കാണു കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.
തൊടുപുഴ ടൗണ്‍ പള്ളിയിലെത്തി കോതമംഗലം രൂപതാവികാരി ജനറല്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, ഫാ. മാത്യു കുന്നപ്പിള്ളി എന്നിവരെ കണ്ടത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.വി. മത്തായി, തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആര്‍. സോമന്‍ എന്നിവരാണ്.
ചൊവ്വാഴ്ച കുമ്പംകല്ലില്‍ സിപിഎം സംഘടിപ്പിച്ച വഴിതടയല്‍ സമരം മൂലം രാവിലെ യാത്ര തടസ്സപ്പെട്ടതു ചോദ്യംചെയ്യുകയും സമരത്തിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണു വൈദികനു മര്‍ദനമേറ്റത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നു പള്ളിമേടയിലെത്തിയ നേതാക്കളെ പള്ളി അധികൃതര്‍ അറിയിച്ചു. അക്രമത്തിനു നേതൃത്വംനല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു പാര്‍ട്ടി നേതാക്കള്‍ കോതമംഗലം രൂപതാ വികാരി ജനറലിനെ അറിയിച്ചു.
കേസില്‍ നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. കുമ്പംകല്ല് ലോക്കല്‍ സെക്രട്ടറി ഷാജി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. ഫാ. മാത്യു ഇന്നലെ രാവിലെ ആശുപത്രി വിട്ടു. അക്രമത്തിനു നേതൃത്വം നല്‍കിയവരെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസിനെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ചുമതലപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























