അറസ്റ്റ് ലോക്കല്‍ പോലീസറിയാതെ... ചേര്‍ത്തലയിലെ വീട്ടില്‍ മോന്‍സനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് എത്തിയത് പരമ രഹസ്യമായി; മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞുടന്‍ ക്രൈംബ്രാഞ്ച് ജോലി തുടങ്ങി; അംഗരക്ഷകര്‍ ആക്രോശിച്ച് രംഗത്തെത്തിയെങ്കിലും ഒന്നും നടന്നില്ല

മോണ്‍സന്‍ മാവുങ്കല്‍ ഇത്രയേറെ പടര്‍ന്ന് പന്തലിക്കുമ്പോഴും വന്ന വഴി മറക്കാന്‍ പാടില്ല. ചേര്‍ത്തലയില്‍ സാധാരണ പശ്ചാത്തലത്തില്‍നിന്നുള്ളതാണു മോന്‍സന്റെ കുടുംബം.
ചെറുപ്പത്തില്‍ താമസം ചാരമംഗലത്തായിരുന്നു. പിന്നീടു ചേര്‍ത്തലയിലേക്കു മാറി. പോളിടെക്‌നിക് പഠിച്ചതായാണു പ്രദേശവാസികളുടെ അറിവ്. പള്ളിപ്പുറം എന്‍എസ്എസ് കോളജ് കവലയില്‍ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രം നടത്തിയിരുന്നു. ഇതിനിടെ പുരാവസ്തു വ്യാപാരവും ആരംഭിച്ചു. ഇടയ്ക്ക് ഇടുക്കി രാജകുമാരിയിലും താമസിച്ചിരുന്നു. പിന്നീടു കൊച്ചിയിലെത്തി.
ഇപ്പോള്‍ മോന്‍സന്‍ വിവിഐപിയാണ്. മോന്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലെയും വീടുകള്‍ക്കു മുന്നില്‍ വര്‍ഷങ്ങളായി പൊലീസിന്റെ സംരക്ഷണ നിരീക്ഷണമുണ്ട്. ഈ വീടിനു മുന്നില്‍ പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. പട്രോളിങ് സംഘം ദിവസവും ഇവിടെയെത്തി ഒപ്പിട്ടു പോകണം. വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടെന്നും പട്രോളിങ് വേണമെന്നും മോന്‍സന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണു ബീറ്റ് ഏര്‍പ്പെടുത്തിയത്.
പുരാവസ്തുവില്‍പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയതിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉന്നതരുമായുള്ള ബന്ധം തട്ടിപ്പിന് മറയാക്കിയെന്നു പരാതിക്കാര്‍ ആരോപിച്ചു. തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണിതു പറയുന്നത്.
ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ പിന്‍വലിക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ച് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ തങ്ങളുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു സുധാകരന്‍ ഉറപ്പുനല്‍കി.
അതേസമയം ശനിയാഴ്ച ചേര്‍ത്തലയിലെ വീട്ടില്‍ മോന്‍സനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് എത്തിയതു രഹസ്യമായാണ്. ചേര്‍ത്തല പൊലീസ് സ്‌റ്റേഷന്‍ അടുത്തായിട്ടും അറിയിച്ചില്ല. മഫ്തിയില്‍ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോന്‍സനെ പിടികൂടിയത്. മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ പ്രവേശിച്ചത്.
ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അതിഥികള്‍ ആയിരിക്കുമെന്നാണു വീട്ടുകാര്‍ കരുതിയത്. അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകര്‍ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. മോന്‍സനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുട പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. വകുപ്പു തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
വീട്ടുമുറ്റത്തുണ്ടായിരുന്ന വിലകൂടിയ വാഹനങ്ങളില്‍ പലതും ഓടിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇക്കൂട്ടത്തിലെ ഫെറാരി കാറിന്റെ ടയറുകള്‍ എടുത്തുമാറ്റി കട്ടപ്പുറത്തു കയറ്റിയ നിലയിലും സ്റ്റിയറിങ് ഊരിക്കിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. പതിവായി സഞ്ചരിച്ചിരുന്ന ഡോഡ്ജ് കാറിന്റെ സീറ്റ് ഇളക്കിമാറ്റി വലിയ സ്‌ക്രീനും ഐപാഡും ഘടിപ്പിച്ചിരുന്നതായും നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചിരുന്നതായും വിവരമുണ്ട്.
"
https://www.facebook.com/Malayalivartha
























