കോഴിക്കോട് മമ്പാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് നിലമ്പൂര്‍ ഗുഡല്ലൂര്‍ (കെ.എന്‍.ജി) റോഡിലെ മമ്പാട് പൊങ്ങല്ലൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ടിപ്പര്‍ ലോറിയും ഉള്‍പ്പെട്ട അപകടത്തില്‍ 50ഓളം പേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി കരുവാരപുരം പുളിക്കല്‍ പുതിയവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അതുല്‍ കൃഷ്ണ (ആറ്), മമ്പാട് പൊങ്ങല്ലൂര്‍ കുന്നുമ്മല്‍ ഷൗക്കത്തിന്റെ ഭാര്യ ആയിശ (45), നിലമ്പൂര്‍ പാടിക്കുന്ന് പരേതനായ കോട്ടപ്പുറത്ത് ഉമ്മറിന്റെ ഭാര്യ കാവുങ്ങല്‍ പാത്തുമ്മ (63) എന്നിവരാണ് മരിച്ചത്.
അതുല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ആയിശ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും പാത്തുമ്മ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്, മഞ്ചേരി മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് അപകടം. വഴിക്കടവില്‍നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിക്‌സീര്‍ ബസും മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് വരികയായിരുന്ന കെ.പി.ആര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്. കെ.പി.ആര്‍ ബസ് ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സിക്‌സീര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
മാതാവിന്റെ കൂടെ മഞ്ചേരിയിലേക്ക് പോവുകയായിരുന്ന അതുല്‍ ഇടിയുടെ ആഘാതത്തില്‍ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ച് ടിപ്പര്‍ ലോറിയുടെ വാതിലില്‍ തട്ടി വീഴുകയായിരുന്നു. അതുലിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വഴിക്കടവ് മരുത തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അപകടത്തില്‍ പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധന്യയാണ് അതുലിന്റെ മാതാവ്. സഹോദരന്‍: നകുല്‍ കൃഷ്ണ.
മഞ്ചേരിയില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആയിശ സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത്. മക്കള്‍: ബഷീര്‍, അസീസ്, ഇര്‍ഷാദ്, തസ്ലീമ, റഷീദ. മരുമകള്‍: ജസീല. പാത്തുമ്മയുടെ മക്കള്‍: റൗഫുല്ല, സല്‍മാബി, സാഹിന, അസ്മാബി, അഷ്‌റഫ്, മുനീബ്. മരുമക്കള്‍: നസീമ, അസറത്ത്, ഉമൈമത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























