ശാസ്ത്രലോകത്തിലെ വിസ്മയകാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

ശാസ്ത്രലോകത്തിലെ വിസ്മയക്കാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം തുറന്നു. പ്ലാനറ്റേറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ശാസ്ത്രരംഗത്ത് രാജ്യം നേടുന്ന ഓരോ വിജയവും ഭാരതീയന് അഭിമാനിക്കാനുള്ള വക നല്‍കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്ലാനറ്റേറിയത്തിനു തുടക്കംകുറിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെ ഈ അവസരത്തില്‍ അനുസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തീര്‍ണമേറിയ സ്‌ക്രീനുള്ള ഡോമാണു പുതിയ പ്ലാനറ്റേറിയത്തില്‍ നിര്‍മിച്ചിരിക്കുന്നത്. 4913 ചതുരശ്ര അടിയാണ് സ്‌ക്രീനിന്റെ വിസ്തീര്‍ണം. 15 ഡിഗ്രി ചരിഞ്ഞ 17 മീറ്റര്‍ ഡോമാണിത്. എല്ലാ ദിശയിലെയും നക്ഷത്രങ്ങളെ ഒരേസമയത്തു കാണാനാവും എന്നതും പ്രത്യേകതയാണ്. എണ്ണായിരത്തോളം വ്യത്യസ്ത നക്ഷത്രങ്ങളെയാണു പുതിയ ഡിജിറ്റല്‍ ഡോമിലൂടെ കാണാന്‍ സാധിക്കുക. 246 പേര്‍ക്ക് ഒരേ സമയം ഇരുന്നു കാഴ്ചകള്‍ കാണാം.
മുപ്പതു മിനിറ്റു ദൈര്‍ഘ്യമുള്ളതാണ് ഓരോ പ്രദര്‍ശനവും. രാവിലെ 10.30, 12, ഉച്ചകഴിഞ്ഞു രണ്ട്, മൂന്ന് എന്നിങ്ങനെ നാലു പ്രദര്‍ശനങ്ങള്‍ പ്രതിദിനം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രദര്‍ശനം ക്രമീകരിക്കും. മുതിര്‍ന്നവര്‍ക്ക് 60 രൂപയും വിദ്യാര്‍ഥികള്‍ക്ക് 30 രൂപയുമാണു ടിക്കറ്റ് നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























