തെറ്റിദ്ധരിപ്പിക്കുന്ന മരുന്ന് പരസ്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി :പിഴ ഒരു ലക്ഷമാക്കും

വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മരുന്നുകളുടെ പരസ്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മരുന്ന് കമ്പനികള്‍ക്കെതിരേയുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഏറ്റവും കുറഞ്ഞ പിഴ 2000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന സ്വയംചികിത്സയും മരുന്ന് ഉപയോഗവും സംബന്ധിച്ച കേന്ദ്ര നിയമമായ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് മരുന്നുകമ്പനികളുടെ കബളിപ്പിക്കല്‍ പരസ്യങ്ങള്‍ക്കെതിരേ നടപടിയെടുത്തിരുന്നത്.
ഡ്രഗ്‌സ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ കേസെടുത്താല്‍, 2000 രൂപ മുതലുള്ള ചെറിയ പിഴ ശിക്ഷകള്‍ മാത്രമാണ് ചട്ടത്തിലുണ്ടായിരുന്നത്. പിഴയടച്ച്, കുറ്റം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുന്ന കമ്പനികള്‍ വീണ്ടും വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതു പതിവാണ്. ഇതു കണക്കിലെടുത്താണ് പിഴത്തുക വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് ഭേദഗതി ചെയ്യാനും കുറഞ്ഞ ശിക്ഷ ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നിരവധി തട്ടിക്കൂട്ട് മരുന്നു കമ്പനികള്‍ അത്ഭുതകരമായ ഫലപ്രാപ്തിയെന്ന വ്യാപക പ്രചാരണം നടത്താന്‍ തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. വിവിധതരം രോഗാവസ്ഥകള്‍ മരുന്നുകള്‍ മുഖേന ഭേദമാക്കാമെന്ന് അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് മാജിക് റെമഡീസ് ആക്ടിനു പുറമേ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലും പറയുന്നുണ്ട്. ആയുര്‍വേദ, അലോപ്പതി, ഹോമിയോ മരുന്നുകള്‍ക്കെല്ലാം ഈ ചട്ടം ബാധകമാണ്. എന്നിട്ടും ചട്ടത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണു മരുന്നു കമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത്.
ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിമലയുടെ നേതൃത്വത്തിലാണ് സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ചട്ടം ഭേദഗതി ചെയ്യുന്നതോടെ, നിശ്ചിത ദിവസത്തിനുള്ളില്‍ നിറം വര്‍ധിപ്പിക്കുമെന്നും രോഗശമനമുണ്ടാകുമെന്നും അവകാശപ്പെടുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിമല പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 127 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരസ്യം ശ്രദ്ധയില്‍പ്പെട്ട് സ്വമേധയാ എടുത്ത കേസുകള്‍ക്കു പുറമെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസുകളുമുണ്ട്. അവയെല്ലാം കോടതിയില്‍ പരിഗണനയിലാണ്. നിയമ ഭേദഗതിയുണ്ടാകുന്നതോടെ നടപടികള്‍ കര്‍ശനമാക്കുമെന്നും ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























