ഇങ്ങനെ തഴയാമോ സാറെ… അരുവിക്കര കഴിഞ്ഞിട്ട് ഉടനെന്ന് പറഞ്ഞിട്ടും സുരേഷ് ഗോപിയുടെ ചെയര്‍മാന്‍ കയ്യാലമേല്‍ തന്നെ

അരുവിക്കര ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരേഷ് ഗോപിയെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ആയി നിയമിക്കുമെന്നാണ് ബിജെപി നേതൃത്വം അിറയിച്ചത്. എന്നാല്‍ അരുവിക്കരയും കഴിഞ്ഞ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി. ഇപ്പോഴും സുരേഷ് ഗോപിയുടെ ചെയര്‍മാന്‍ സ്ഥാനം കയ്യാലപ്പുറത്ത് തന്നെ.
നരേന്ദ്ര മോഡിയുമായുള്ള അടുപ്പം ഒന്നുകൊണ്ട് മാത്രമാണ് മലയാളം സിനിമാതാരം സുരേഷ് ഗോപിക്ക് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനത്തേക്കു കേന്ദ്രസര്‍ക്കാറില്‍ നിന്നും ക്ഷണം ലഭിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് അത്ര പ്രിയങ്കരന്‍ ആയിരുന്നില്ല അതുവരെ സുരേഷ് ഗോപി.
അതേ കൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് സുരേഷിനോട് വലിയ താത്പര്യവും ഇല്ല. ഏതാണ്ട് മൂന്ന് മാസത്തോളമായി ഈ സ്ഥാനത്തേക്കുള്ള ഉത്തരവും പ്രതീക്ഷിച്ച് സുരേഷ് ഗോപി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഔദ്യോഗികമായി താരത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. നിയമന ഉത്തരവ് പുറത്തുവരാത്ത സാഹചര്യത്തിലുള്ള ആശങ്കയാണ് സുരേഷ് ഗോപി ഇന്നലെ പ്രകടിപ്പിച്ചത്.
മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി എന്‍എഫ്ഡിസി ചെയര്‍മാനാകാന്‍ ക്ഷണം ലഭിച്ചിരുന്നതായും ഇതനുസരിച്ച് മറുപടിയായി കത്തയച്ചെന്നും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയതാല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ സിനിമ രംഗത്തു നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പുറന്തള്ളപ്പെട്ട അവസ്ഥയിലാണ് താരം ഇപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ രുദ്രസിംഹാസനവും ബോക്‌സോഫീസില്‍ യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നുപോകുകയാണ്.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു മോഡിയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ സുരേഷ് ഗോപിയെ പ്രസ്തുത സ്ഥാനത്തേക്ക് ക്ഷണിച്ചത്. മറുപടിയായി താരം കത്തയക്കുകയും ചെയതു. കൂടാതെ മാധ്യമങ്ങളിലെല്ലാം കാര്യമായ പ്രചരണവും വന്നു.
എന്നാല്‍, നിയമന ഉത്തരവ് വൈകാന്‍ കാരണം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയെ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂറ്റില്‍ ഗജേന്ദ്ര ചൗഹാന്റെ നിയമന പ്രശ്‌നമാണെന്നാണ് സൂചന. ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ചെയര്‍മാനായി ചൗഹാനെ നിയമിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. കൂടാതെ രാഹുല്‍ ഗാന്ധിയും ചൗഹാന്റെ നിയമനത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഈ വിവാദം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ നിയമനവും വൈകുന്നതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























