വി.ശിവൻകുട്ടിയുടെ മന്ത്രി പണി തുലാസിലായതോടെ തിരുവനന്തപുരം നഗരത്തിലെ എം എൽ എ മാരിൽ ലഡു പൊട്ടുന്നു... ശിവൻകുട്ടി അണ്ണൻ്റെ രാജി ഉറപ്പിച്ച് സി പി എം: പകരം മന്ത്രിക്ക് കൂട്ടയിടി...

കേസിൽ മന്ത്രി വി. ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജികളാണ് കോടതി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നവംബർ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. വിചാരണ നേരിടുമ്പോൾ ശിവൻകുട്ടി മന്ത്രിയായിരിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകും. അഞ്ചോളം സാക്ഷികൾ പ്രതികളുടെ പങ്കും അവർ തല്ലിത്തകർത്ത സാധനങ്ങളേക്കുറിച്ചും വ്യക്തമായി മൊഴി നൽകിയിട്ടു ണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല. മാത്രമല്ല മുഖ്യ വിചാരണയുടെ ഭാഗമായുളള ചെറു വിചാരണയായി വിടുതൽ ഹർജിയെ കാണാനും കോടതിക്ക് ഉദ്ദേശമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡി.വി.ഡി യിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നൽകുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല.
ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ അതിൽ കൃത്രിമം കാണിച്ചിരിയ്ക്കാമെന്നും ദൃശ്യങ്ങൾ വ്യാജമാണെന്നുമുളള പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. നിയമസഭാ സെക്രട്ടറി ഒരു സമയത്തും ഡി.വി.ഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയിരുന്നില്ല. സെക്രട്ടറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ നേരിട്ടാണ് ഡി.വി.ഡി യിൽ നിന്ന് പകർപ്പ് എടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ഗുരുതര സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.
നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.
മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും. ശിവൻകുട്ടി തെറിച്ചാൽ വി.കെ.പ്രശാന്ത് മന്ത്രിയാകുമെന്നാണ് കരുതുന്നത്. പ്രശാന്തിനെ മന്ത്രിയാക്കുന്നതിനോട് പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്ക് മടിയില്ല.പ്രശാന്തിന് നന്നായി വകുപ്പ് ഭരിക്കാൻ കഴിയുമെന്ന് സി പി എം കരുതുന്നു.എന്നാൽ തിരുവനതപുരത്തെ സാമുദായിക പരിഗണന പാർട്ടിക്ക് കണക്കിലെടുക്കാതിരിക്കാനാവില്ല. വി.ശിവൻകുട്ടി നായർ സമുദായംഗമാണ്. പ്രശാന്ത് ആ സമുദായത്തിലെ അംഗമല്ല. ഐ.ബി.സതീഷ് നായർ സമുദായത്തിലുള്ള എം എൽ എയാണ്. ജി.സ്റ്റീഫന് നാടാർ സമുദായത്തിൻെറ പിന്തുണയുണ്ട്. ഇതിനിടെ വി.കെ.പ്രശാന്തിനെ വെട്ടാൻ സി പി എമ്മിലെ പ്രമുഖർ സജീവമായി രംഗത്തുണ്ട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സി പി എം തത്കാലം ആലോചിക്കുന്നില്ല. വിശദമായ കൂടിയാലോചനക്ക് ശേഷമേ ഇതിൽ തീരുമാനമുണ്ടാകൂ. ഏതായാലും ശിവൻകുട്ടിയുടെ രാജി സി പി എമ്മിന് വലിയ തലവേദനയാകാൻ തന്നെയാണ് സാധ്യത. "
https://www.facebook.com/Malayalivartha