ക്വാറിയില്‍ നിന്ന് അടര്‍ന്ന് വീണ പാറയ്ക്കടിയില്‍പെട്ട് സഹോദരിമാര്‍ മരിച്ചു

ജീവന് ഭീഷണിയുയര്‍ത്തി ക്വാറികള്‍. ക്വാറിയുടെ മുകളില്‍ നിന്നടര്‍ന്ന് വീണ പാറക്കഷണങ്ങള്‍ക്കടിയില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത(65), സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ട്‌കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ ശങ്കരി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.
പൊയ്കമുക്ക് പാറയടിയില്‍ റവന്യു പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയിലാണ് അപകടം. ഇരുപതിലധികം ക്വാറികള്‍ ഈ മലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലളിതയും ശങ്കരിയും വളരെക്കാലമായി ക്വാറിയില്‍ ചതപ്പ പെറുക്കി ചല്ലിയടിക്കുന്ന തൊഴിലാളികളാണ്. ക്വാറിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് വെടിവച്ച് പാറ പൊട്ടിക്കാറുളളത്. ഞായറാഴ്ച ഈ ക്വാറിയില്‍ വെടിവച്ച് പാറ പൊട്ടിച്ചിരുന്നു. വെടിയില്‍ പൊട്ടിയടര്‍ന്നെങ്കിലും താഴെ വീഴാതിരുന്ന പാറക്കഷണങ്ങളാണ് തിങ്കളാഴ്ച അപകടം വിതച്ചത്.
ചല്ലിയടിക്കാനെത്തിയ സ്ത്രീകള്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന്് ചതപ്പ പെറുക്കുമ്പോള്‍ മഴപെയ്തു. ഈ സമയം മറ്റുളളവര്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന് മാറി. ലളിതയും ശങ്കരിയും മഴ വക വയ്ക്കാതെ ചതപ്പ പെറുക്കുമ്പോഴാണ് 50 അടിയിലധികം ഉയരത്തില്‍ നിന്ന് പാറക്കഷണങ്ങള്‍ അടര്‍ന്ന് ഇരുവരുടെയും ദേഹത്ത് വീണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























