മൃതസഞ്ജീവനിയിലൂടെ അവയവദാനം കേരളത്തിന് പുറത്തേക്കും

കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ അവയവദാനം സംസ്ഥാനത്തിന് പുറത്തേക്കും. കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കാണ് ഹൃദയവും ശ്വാസകോശവും കൊണ്ടു പോകുന്നത്. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവ് (19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഞായറാഴ്ചയാണ് വാഹനാപകടത്തെ തുടര്‍ന്ന് പ്രണവിനെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവയവങ്ങള്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ രാവിലെ എട്ടരക്ക് കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ജെറ്റ് വിമാനത്തില്‍ ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് അവയവങ്ങള്‍ കൊണ്ടു പോകും. ഇതിനായി കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ നാവികസേനാ വിമാനത്താവളത്തില്‍ വിമാനം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ലേക്ഷോര്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ആദ്യമായാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് അവയവദാനം നടക്കുന്നത്.
നേരത്തെ ജൂലൈ 25ന് തിരുവനന്തപുരത്ത് പാറശാലയിലെ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം അങ്കമാലി സ്വദേശിയായ ഓട്ടോഡ്രൈവര്‍ മാത്യു അച്ചാടന് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു വേര്‍പ്പെടുത്തിയ ഹൃദയം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്. എയര്‍ ആംബുലന്‍സ് വഴി സംസ്ഥാനത്ത് നടക്കുന്ന ആദ്യ അവയവമാറ്റമായിരുന്നു ഇത്.
കേരളത്തില്‍ തന്നെ 136-ാമത്തെ ദായകനാണ് നീലകണ്ഠശര്‍മയെന്നും 361-ാമത്തെ സ്വീകര്‍ത്താവാണ് മാത്യു അച്ചാടനെന്നും സംസ്ഥാന സര്‍ക്കാറിന്റെ അവയവദാനം ഏകോപിപ്പിക്കുന്നതിനായി രൂപം കൊടുത്ത മൃതസഞ്ജീവനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം, വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ഇതിനകം വേറെയും 360 പേരില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























