പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.40 ഓടെയായിരുന്നു സംഭവം. കൊല്ലം പത്തനാപുരം മാലൂര്‍ എംടിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ധനുഷ് കൃഷ്ണ(17) ആണു മരിച്ചത്.
കൊല്ലം പട്ടാഴി വടക്കേക്കര മാലൂര്‍ മണയറ ശ്രീഹരി മുക്കോട്ടുമണ്‍ പരേതനായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെയും പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം രമാദേവിയുടെയും മകനാണ്. സഹോദരി: അപര്‍ണ.
തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. പരിശീലനം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനുശേഷം ബാരക്കില്‍ തിരിച്ചെത്തിയ ശേഷമാണു സംഭവം.
ധനുഷ് ക്യാമ്പിനു സമീപത്തു റൈഫിളുകള്‍ സൂക്ഷിക്കുന്ന ടെന്റിനു സമീപം ഇരിക്കുകയായിരുന്നു. തോക്ക് മിനുക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ പറയുന്നു. ശബ്ദം കേട്ടു കുട്ടികള്‍ ഓടിവരുമ്പോഴേക്കും ടെന്റിനുള്ളില്‍ ഉണ്ടായിരുന്ന ഓഫീസര്‍ ധനുഷിനെ കോരിയെടുത്തു സമീപത്തു കിടത്തി. നെഞ്ചില്‍ വലത്തുഭാഗത്തായാണു വെടിയേറ്റത്.
ഉടന്‍തന്നെ ധനുഷിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ധനുഷിനെ രക്ഷിക്കാനായില്ല. തലയ്ക്കു പിറകിലും പരിക്കുള്ളതായി ഡോക്ടര്‍ പറഞ്ഞു. വെടിയേറ്റു വീണപ്പോഴായിരിക്കാം തലയ്ക്കു പരിക്കേറ്റതെന്നാണു പ്രാഥമിക നിഗമനം. വെടിയേറ്റ ഉടന്‍ ധനുഷിന്റെ വായിലൂടെ രക്തം വന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്..
ടെന്റിനു സമീപം ഏഴു റൈഫിളുകള്‍ ചാരിവച്ച നിലയിലുണ്ടായിരുന്നു. ഇതില്‍ ഒന്നു വീണുകിടക്കുന്ന നിലയിലായിരുന്നു. അഞ്ച് ബുള്ളറ്റ് വീതമാണ് ഓരോരുത്തര്‍ക്കും ഫയറിംഗിനായി നല്‍കിയത്. പരിശീലനത്തിനിടെ ഒരു ബുള്ളറ്റ് കാണാതായെന്നും അതു ധനുഷിനു നല്‍കിയ തോക്കിലെ ബുള്ളറ്റ് ആയിരുന്നെന്നും എന്‍സിസി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























