ഉദ്യോഗാര്‍ത്ഥി ജോലിക്ക് പ്രാപ്തനല്ലെന്ന് പി.എസ്.സി; ആണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്

ലാന്‍ഡ് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ ശാരീരികമായി പ്രാപ്തനാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കെ അംഗപരിമിതി ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥിയെ പി.എസ്.സി. തഴയുന്നതായി പരാതി. പി.എസ്.സി.യുടെ ഈ ഇരട്ടത്താപ്പ് തൃശ്ശൂര്‍ തൃപ്രയാര്‍ ക്ഷേത്രത്തിന് സമീപം പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കര വീട്ടില്‍ മധുവിനോടാണ് . ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ പ്രാപ്തനാണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും മധു അടക്കമുള്ള അംഗപരിമിതരെ വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്നാണ് പി.എസ്.സി.യുടെ നിലപാട്.
മധു ജനിച്ച് ആറുമാസമായപ്പോള്‍ ഇടതുകാലില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെ ഏറെ ബുദ്ധിമുട്ടിയാണ് സ്‌കൂളിലെത്തിയതെങ്കിലും ജീവിതത്തോട് തോറ്റ് പിന്‍മാറാന്‍ മധു ഒരുക്കമായിരുന്നില്ല. പഠിച്ച സ്ഥാപനങ്ങളില്‍ നിന്നെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറി. പ്രീഡിഗ്രിക്ക് ശേഷം തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മികച്ച മാര്‍ക്കോടെ ബിരുദം നേടി. പിന്നീട് ഖൊരക്പൂര്‍ ഐ.ഐ.ടി.യില്‍ നിന്ന് എം.ടെക് പൂര്‍ത്തിയാക്കി.
സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കലാ കായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭ കൂടിയായ മധു ഇപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ പിഎച്ച്.ഡി. സ്‌കോളര്‍ ആണ്. ഭാര്യയും മകളുമായി ഗാന്ധിനഗറില്‍ താമസിക്കുന്ന മധുവിന് നാട്ടിലെത്തി സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ പ്രാപ്തമായ ഒരു വകുപ്പില്‍ ജോലി നേടിയെടുക്കണം എന്നാണ് ആഗ്രഹം. 2011 -ല്‍ അംഗപരിമിതരുടെ വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ലക്ചറര്‍ തസ്തികയിലേക്ക് പി.എസ്.സി.യുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നെങ്കിലും കാഴ്ചയില്ലാത്ത ഉദ്യോഗാര്‍ത്ഥിക്കായിരുന്നു അന്ന് നിയമനം കിട്ടിയത്.
2010-ലാണ് ലാന്‍ഡ് റവന്യു വകുപ്പിലേക്കുള്ള ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഒഴിവിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. 2011 - ല്‍ നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുത്ത അംഗപരിമിതരായ 10 പേരെ 2011 ജൂലായില്‍ മെയിന്‍ പരീക്ഷയ്ക്കായി ക്ഷണിച്ചു. ആ ലിസ്റ്റില്‍ നിന്ന് മധു അടക്കമുള്ള നാല് പേരെ അഭിമുഖത്തിന് വിളിച്ചെങ്കിലും അവസാന പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.
ജോലി ചെയ്യാന്‍ പൂര്‍ണമായും പ്രാപ്തനാണെന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തിയത്. കൃത്യമായി ബോധ്യപ്പെട്ടതിനാല്‍ ആവശ്യ സമയത്ത് മാത്രം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു അന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് പറഞ്ഞത്. എന്നാല്‍ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അംഗപരിമിതര്‍ ഒരു തരത്തിലും ഡെപ്യൂട്ടി കളക്ടറുടെ ജോലി ചെയ്യാന്‍ പ്രാപ്തരല്ലെന്നായി പി.എസ്.സി. യുടെ നിലപാട് . 42 ശതമാനം മാത്രമാണ് മധുവിന്റെ വൈകല്യം.
നിയമനം സംബന്ധിച്ച് പി.എസ്.സി.യുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാനായിരുന്നു മധുവിന് പി.എസ്.സി.യില്‍നിന്ന് ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ മധു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ വക്കീലിനെ അനുവദിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. വീണ്ടും വക്കീലിനെ ട്രൈബ്യൂണല്‍ അനുവദിച്ച് വരുമ്പോഴേക്കും സമയമെടുക്കുമെന്നതിനാല്‍ സ്വന്തമായി കേസ് നടത്താനാണ് മധു ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിനുള്ളില്‍ ലിസ്റ്റിന്റെ കാലാവധി തീരുമോയെന്നാണ് മധുവിന്റെ ആശങ്ക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























