സ്വാതന്ത്ര്യദിനാഘോഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ ഓഫിസുകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ നിര്‍ദേശിച്ച് ജൂലൈ 20ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കാന്‍ വകുപ്പ് മേലധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിനനുസരിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നടപടികളുണ്ടാകണം. ഓഫിസുകളിലോ മറ്റിടങ്ങളിലോ നടക്കുന്ന ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും ജീവനക്കാരുടെ സാന്നിധ്യമുണ്ടാകണം. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ അവധിദിവസങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നിമിഷ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍, ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ല.
ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലൊഴികെ ജീവനക്കാരോട് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാറും നല്‍കിയിട്ടില്ല. ഹൈകോടതി ജീവനക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഹാജരായി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് രജിസ്ട്രാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിയിലെ ആവശ്യങ്ങളിന്മേലുള്ള നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് വീണ്ടും ഓണം അവധിക്കുശേഷം കേള്‍ക്കാന്‍ മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























