ഹനീഫ വധക്കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി

തിരുവത്ര പുത്തന്‍കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ വധക്കേസിലെ അഞ്ചാം പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങി. കൊലപാതകം നടക്കുമ്പോള്‍ മുഖ്യപ്രതി ഷമീറനൊപ്പം ഉണ്ടായിരുന്ന മണത്തല കുന്നത്ത് അഫ്‌സലാ(32)ണ് ഇന്നലെ ചാവക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കോടതി പരിസരത്തെത്തിയ അഫ്‌സല്‍ അഭിഭാഷകനായ കെ.ഡി. വിനോജിന്റെ നിര്‍ദേശപ്രകാരം ഒന്നരയ്ക്കാണ് കോടതി മുറിയില്‍ കയറിയത്. കീഴടങ്ങല്‍ അപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണ പ്രതിയെ റിമാന്‍ഡ് ചെയ്യാനുള്ള നടപടി പൂര്‍ത്തിയാക്കിയശേഷമാണു പോലീസ് വിവരമറിഞ്ഞത്. അഫ്‌സലിനെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റി. ഷമീറിന്റെ ഉറ്റ സുഹൃത്താണ് അഫ്‌സലെന്നു പോലീസ് പറഞ്ഞു.
അതേസമയം, കേസില്‍ എട്ടാം പ്രതിയും പ്രതികള്‍ രക്ഷപ്പെട്ട കാറിന്റെ ഡ്രൈവറുമായ പാവറട്ടി പുതുമനശേരി അമ്പലത്തുവീട്ടില്‍ പുളിക്കല്‍ റിംഷാദി(26)നെ ഡിവൈ.എസ്.പി: എ.ഡി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. റിംഷാദിനും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴാം പ്രതി ഷംസീറിനും കോടതി ജാമ്യം അനുവദിച്ചു.
അകലാടുള്ള സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണു പ്രതികള്‍ റിംഷാദിന്റെ കാര്‍ കൈകാട്ടി നിര്‍ത്തി കയറുന്നത്. ഇവരെ കാറില്‍ മന്ദലംകുന്നില്‍ കൊണ്ടുപോയി വിട്ടെന്നാണു റിംഷാദിന്റെ മൊഴി. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. റിംഷാദും മുഖ്യപ്രതികളും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ ആറു പ്രധാനപ്രതികളില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവരെ സഹായിച്ച മൂന്നു പേരെയും പിടികൂടാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























