യുവാവിനെ കാട്ടാന കുത്തിക്കൊന്നു

കലി തീരാതെ കൊലയാളി ഒറ്റയാന്‍. മൂത്രമൊഴിക്കാന്‍ വീട്ടുമുറ്റത്തേക്കിറങ്ങിയ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. വടാട്ടുപാറ ചക്കുമേട് എസ്.സി കോളനി മാലിയില്‍ ജയന്‍ (33) ആണ് ഇന്നുപുലര്‍ച്ചെ കാട്ടാനയുടെ കൊമ്പിന് ഇരയായി മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ വടാട്ടുപാറയില്‍ ഭീതിവിതച്ച് മടങ്ങിപ്പോയ കാട്ടാനയാണ് യുവാവിന്റെ ജീവനെടുത്തത്. മുമ്പൊരു അപകടത്തില്‍പ്പെട്ട് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ജയന് ഇരുളിന്റെ മറവില്‍ ആന നിന്നത് കാണാനാകാത്തതിനാല്‍ ഓടിരക്ഷപ്പെടാനായില്ല.
പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് മൂത്രമൊഴിച്ച് നില്‍ക്കുകയായിരുന്ന ജയന്റെ ദേഹത്ത് കാട്ടാന കൊമ്പ് കുത്തിയിറക്കുകയായിരുന്നു. ജയനെ കൊമ്പില്‍ കുത്തി ഉയര്‍ത്തിയ ആനയുടെ കൊലവിളി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. സഹോദരന്‍ അജയനും വീട്ടുകാരും പുറത്തിറങ്ങിയപ്പോള്‍ ജയനെ കൊമ്പില്‍ കോര്‍ത്ത് ആന ചിന്നം വിളിക്കുന്ന ഭീകരമായ കാഴ്ചയാണ് കണ്ടത്. ഓടിയടുത്തപ്പോള്‍ അജയന്റെ മുഖത്തേക്ക് സഹോദരന്റെ ചുടുചോര ചീറ്റിത്തെറിച്ചു. കലിപൂണ്ടു നില്‍ക്കുകയായിരുന്നു ആന. ചിന്നം വിളിച്ചതോടെ അടുത്തേക്ക് പോകാനായില്ല. ആളുകള്‍ കൂടിയപ്പോള്‍ കൊമ്പില്‍ കോര്‍ത്ത മൃതദേഹവുമായി കാട്ടാന സമീപത്തെ പാറക്കെട്ടിലേക്ക് പോയി.
ഏറെ നേരത്തിന് ശേഷം കാട്ടിലെ പറക്കെട്ടില്‍ മൃതദേഹം ഉപേക്ഷിച്ച ആന അവിടെത്തന്നെ നിലയുറപ്പിച്ചു. മണിക്കൂറുകളോളം നാട്ടുകാര്‍ പന്തം കത്തിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൊലകൊമ്പന്‍ വനത്തിലേക്ക് ഉള്‍വലിഞ്ഞത്. സഹോദരന്‍ അജയനും പ്രദേശവാസികളും ചേര്‍ന്ന് ജയനെ ധര്‍മ്മഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























