അമ്പിളി ഫാത്തിമയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

വിദഗ്ധ ചികില്‍സയ്ക്കായി കേരളം ഒന്നാകെ പ്രാര്‍ഥനയും സാമ്പത്തികസഹായവും നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയ അമ്പിളി ഫാത്തിമ(22)യുടെ ശസ്ത്രക്രിയ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ഹൃദയവും രണ്ടു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്നലെ പുലര്‍ച്ചെ നാലിന് ആരംഭിച്ച് ഉച്ചയ്ക്കുശേഷം രണ്ടരയോടെ പൂര്‍ത്തിയായി. 11 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
മാറ്റിവച്ച അവയവങ്ങള്‍ യോജിക്കുന്നതു വരെയുള്ള 72 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിനിടയില്‍ നാലുതവണ പ്രത്യേക പരിശോധനകള്‍ നടത്തും. അവയവങ്ങള്‍ യോജിക്കുന്നതിനു തടസ്സം നേരിട്ടാല്‍ പരിഹരിക്കാന്‍ തുടര്‍ചികില്‍സാ നടപടിയുണ്ടാകും. ഇപ്പോള്‍ യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയവും ശ്വാസകോശങ്ങളും, കൂടുതല്‍ സങ്കീര്‍ണതകളുണ്ടാകാതിരുന്നാല്‍ ഒരാഴ്ചയ്ക്കുശേഷം സ്വതന്ത്രമായി പ്രവര്‍ത്തിച്ചുതുടങ്ങും.
അമ്പിളിയുടെ ശരീരത്തിനു പൂര്‍ണമായും യോജിക്കുന്ന അവയവങ്ങള്‍ ലഭിച്ചത്് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഏറെ സഹായിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോ. ടി. സുന്ദര്‍, ഡോ. പോള്‍ രമേശ്, ഡോ. മദന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ബുധനാഴ്ച രാത്രി എട്ടോടെയാണു മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ ഇതേ ആശുപത്രിയില്‍ തന്നെ ലഭ്യമാണെന്ന വിവരം ലഭിച്ചത്. അമ്പിളിയുടെ സമപ്രായമുള്ളയാളിന്റെ അവയവം തന്നെയായിരുന്നു ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ദാതാവില്‍നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. പിന്നാലെ ഇവ അമ്പിളിയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയയും.
രോഗം ബാധിച്ച ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയാണ് കോട്ടയം സിഎംഎസ് കോളജില്‍ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ് അമ്പിളി ഫാത്തിമ. അപ്പോളോ ആശുപത്രിയില്‍ പ്രാരംഭമായി തന്നെ 40 ലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു. ജൂണ്‍ ആറിനാണു മനോരമയില്‍ അമ്പിളിയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
മനോരമ ഓണ്‍ലൈനിലൂടെ സമൂഹമാധ്യമങ്ങളിലേക്കു വാര്‍ത്ത പടര്‍ന്നതോടെ ഒട്ടേറെപ്പേര്‍ അമ്പിളിയെ സഹായിക്കാനെത്തി. ഏകദേശം 90 ലക്ഷം രൂപയാണ് ഒരുമാസം കൊണ്ടു സമാഹരിച്ചത്. എംജി സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ സഹപാഠിക്കായി 25 ലക്ഷം രൂപ പിരിച്ചുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























