വെടിയേറ്റത് ധനുഷ് ഉപയോഗിച്ച തോക്കില്‍നിന്നു തന്നെയെന്ന് എന്‍സിസി അന്വേഷണസംഘവും

എന്‍സിസി കെഡറ്റ് ധനുഷ് കൃഷ്ണയ്ക്കു വെടിയേറ്റത് സ്വയം ഉപയോഗിച്ച തോക്കില്‍നിന്നു തന്നെയാണെന്ന് എന്‍സിസി അന്വേഷണ സംഘം പ്രാഥമിക നിഗമനത്തിലെത്തി. എന്‍സിസി കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രിസൈഡിങ് ഓഫിസര്‍ ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ, കേണല്‍ അശ്വിന്‍, കേണല്‍ ചൗധരി എന്നിവരടങ്ങിയ അന്വേഷണ സംഘം ഷൂട്ടിങ് റേഞ്ച് സന്ദര്‍ശിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ നിന്നു മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവം സംബന്ധിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം, ധനുഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സ്വയം വെടിവച്ചതാണോ, അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നതു സംബന്ധിച്ച സാധ്യതകള്‍ ആരാഞ്ഞു. ചൊവ്വാഴ്ച ഷൂട്ടിങ് റേഞ്ചില്‍ നടന്ന സംഭവങ്ങള്‍ അതേപടി അന്വേഷണ സംഘം അനുകരിച്ചു വീക്ഷിച്ചു. കാണാതായ തിര തന്നെയാണോ ധനുഷിന്റെ ശരീരത്തില്‍ നിന്നു ലഭിച്ചത് എന്നതും പരിശോധിക്കുന്നുണ്ട്. വെടിയുണ്ട കാണാതായാല്‍ അതു കണ്ടെടുക്കും വരെ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇക്കാര്യത്തില്‍ എന്‍സിസി ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കൂടാതെ, സ്ഥലത്തുള്ളവരെ വിശദമായി പരിശോധിക്കണം. എന്നാല്‍ ഒരു വെടിയുണ്ട കാണാതായിട്ടും ഷൂട്ടിങ് തുടര്‍ന്നതു ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ധനുഷിന്റെ അടുത്ത് ആദ്യം ഓടിയെത്തിയ ഓഫിസറുടെ മൊഴി അനുസരിച്ച് തോക്കും ധനുഷും കിടന്നിരുന്നത് എങ്ങനെ ആയിരുന്നുവെന്നും പരിശോധിച്ചു. മറ്റെല്ലാവരും ഷൂട്ടിങ്ങിനായി കമഴ്ന്നു കിടക്കുമ്പോള്‍ ധനുഷ് മാത്രം തോക്കുകള്‍ സൂക്ഷിച്ച ഷെഡില്‍ എങ്ങനെ എത്തി എന്നതും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എന്‍സിസി ഓഫിസര്‍മാര്‍ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്ന പ്രധാന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
ഫയറിങ് റേഞ്ചില്‍ കുറഞ്ഞതു മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ ഉണ്ടായിരിക്കണമെന്ന ചട്ടം പാലിച്ചിരുന്നോ, ഇതു കൂടാതെ ഫയറിങ് ഓഫിസറായി അമ്യുണിഷന്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നോ, ഫയര്‍പോയിന്റ് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍, ബട്ട് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ എന്നിവരും ഇന്ത്യന്‍ കമ്മിഷന്‍ഡ് ഓഫിസറും വേണമെന്നു നിര്‍ബന്ധമാണ്. ഇവരുടെ സാന്നിധ്യം ധനുഷിനു വെടിയേല്‍ക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നിവയും പരിശോധിക്കും.
അന്വേഷണം പൂര്‍ത്തിയായാലുടന്‍ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി എന്‍സിസി ഡയറക്ടര്‍ ജനറലിനു സമര്‍പ്പിക്കും.
എന്‍സിസി അന്വേഷണ സംഘത്തെ കൂടാതെ സിറ്റി പൊലീസ് മേധാവി പി.എ. വല്‍സന്‍, ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡി. സാലി, അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാന്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പ്രഫ. തോമസ് മാത്യു, ഡോ. എസ്. കൃഷ്ണകുമാര്‍, എന്‍സിസി ഡപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ എസ്. നന്ദകുമാര്‍ എന്നിവരും ഷൂട്ടിങ് റേഞ്ചിലെ പരിശോധനയില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























