പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു കോടതി

സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനു സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. ശ്മശാനം പണിയുന്നതും കൈകാര്യം ചെയ്യുന്നതുമായ കാര്യങ്ങളില്‍ കാലാകാലങ്ങളില്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടു തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുരോഗതി നിരീക്ഷിക്കണമെന്നു കോടതി വ്യക്തമാക്കി.
പൊതുശ്മശാനം ഇല്ലാത്തിടത്ത് അതു സ്ഥാപിക്കാന്‍ നടപടിയെടുക്കണം. ബജറ്റ് വിഹിതം അനുസരിച്ച് ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകള്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം ഇല്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി എന്‍.വി.ബി. കുറുപ്പ്, കോഴിക്കോട് ഐക്യവേദി സെക്രട്ടറി എ.കെ. വേലപ്പന്‍ എന്നിവര്‍ കത്തയച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ സ്വമേധയാ നടപടിയെടുത്തത്. ശ്മശാനം നിര്‍മിക്കാനും നവീകരിക്കാനും സാങ്കേതിക, സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.
നഗരപ്രദേശങ്ങളില്‍ ഗ്യാസ് ശ്മശാനം പണിയാന്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 2010 ഫെബ്രുവരി മുതല്‍ ഇന്നുവരെ 43 പഞ്ചായത്തുകളില്‍ ശ്മശാനം നിര്‍മിച്ചിട്ടുണ്ട്. 471 പഞ്ചായത്തുകള്‍ക്കു ശ്മശാനം ഇല്ല. സഹായത്തിന് അപേക്ഷിച്ച 233 പഞ്ചായത്തുകളില്‍ 49 എണ്ണത്തിന്റെ നിര്‍മാണ, നവീകരണത്തിനും മൂന്നു പഞ്ചായത്തുകളില്‍ ഭൂമി വാങ്ങാനും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള 60 മുനിസിപ്പാലിറ്റികളും അഞ്ചു കോര്‍പറേഷനുകളും പരിശോധിച്ചാല്‍ 12 എണ്ണത്തിനു ശ്മശാനം ഇല്ലെന്നു സര്‍ക്കാര്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























